ADVERTISEMENT

അഗളി∙പഞ്ചായത്തിലെ ഭൂതിവഴി ഊരിൽ ഭവന തട്ടിപ്പിനിരയായ ആദിവാസി കുടുംബങ്ങളുടെ ദുരിതജീവിതം കണ്ടറിഞ്ഞ് വസ്തുതാന്വേഷണ സംഘം. ഗ്രീൻ മുവ്‌മെന്റ ജനറൽ സെക്രട്ടറി ടി.വി. രാജൻ, അഡ്വ.പി.എ.പൗരൻ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് സന്ദർശിച്ചത്.ചോർന്നൊലിക്കുന്ന വീടുകളിലാണ് ആദിവാസികൾ കഴിയുന്നത്. ആവശ്യത്തിന് സിമന്റില്ലാത്തതിനാൽ വിണ്ടുകീറി തൊട്ടാൽ പൊടിയുന്ന തരത്തിലാണ് ചുമരുകൾ.മേൽക്കൂര നിർമിച്ചപ്പോൾ ആവശ്യത്തിന് കമ്പിപോലും ഉപയോഗിക്കാത്തതിനാൽ ഫാൻ സ്ഥാപിക്കാൻ കഴിയാത്ത ദുരിതവും ചില വീട്ടുകാർ പങ്കുവച്ചു. അരയടിപോലുമില്ലാത്ത തറയിൽ കെട്ടിപൊക്കിയ വീടുകൾ ബലക്ഷയം കാരണം മഴയിൽ നിലംപൊത്താവുന്ന അവസ്ഥയിലാണ്.

അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് കുടുംബങ്ങളുടെ വീട് നിർമാണത്തിനുള്ള 13.62 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിന് ക്രൈം ബ്രാഞ്ച് 3 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിലമ്പൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ ബഷീർ,നിലമ്പൂർ മയ്യന്താനിയിലെ അബ്ദുൽഗഫൂർ, അട്ടപ്പാടിയിലെ പഞ്ചായത്തംഗം ജാക്കിർ എന്നിവരാണ് കേസിലെ പ്രതികൾ.റങ്കി,രേശി,കലാമണി, പാപ്പാൾ,കാളി കാടൻ,ശാന്തി,ചെല്ലി എന്നിവരാണ് തട്ടിപ്പിനിരയായത്.2015-16ലാണ് എടിഎസ്പി പദ്ധതിയിൽ അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിർമാണത്തിന് കരാർ നൽകിയത്.പണി പൂർത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തിൽ നിന്നും വാങ്ങിയെടുത്തു. ശുചിമുറികളും വാതിലും നിലംപണിയുമടക്കം പൂർത്തീകരിക്കാതെ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോൾ ആദിവാസികൾ പ്രതിഷേധിച്ചു.

വീടുകൾ തകരാനും മഴയിൽ ചോർന്നൊലിക്കാനും തുടങ്ങി. ലൈഫ് മിഷൻ പദ്ധതിയിൽ ഓരോ കുടുംബത്തിനും സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1,28,500 രൂപ കൂടി അനുവദിച്ചു. ഈ പണവും തട്ടിയെടുത്തതായാണ് പരാതി. കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയതോടെ ആദിവാസികൾ പരാതി നൽകി. അന്ന് മന്ത്രിയായിരുന്ന എ.കെ.ബാലന്റെ ഇടപെടലിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് പി.എം.ബഷീറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ ബഷീർ 5 ദിവസം റിമാൻഡിലായിരുന്നു.കേസിന്റെ വിചാരണ നീണ്ടതോടെ തട്ടിപ്പിനിരയായ കലാമണി ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇതിനിടെ പി.എം. ബഷീർ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടി. സ്റ്റേ നീക്കാൻ ഹൈക്കോടതിയെ സമീപിക്കാതെ സർക്കാർ പ്രതികളെ സഹായിക്കുകയാണെന്ന് വസ്തുതാന്വേഷണ സംഘം ആരോപിച്ചു.സ്‌റ്റേ നീക്കി വിചാരണ ആരംഭിക്കാൻ കലാമണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നടപടികൾക്കിടെ തട്ടിപ്പിനിരയായ പാപ്പാൾ, കാളി കാടൻ എന്നിവർ മരണപ്പെട്ടു.എട്ടു വർഷമായി ഇവർ നടത്തുന്ന നിയമപോരാട്ടത്തിന് പിന്തുണ നൽകുമെന്ന് അഡ്വ.പി.എ പൗരൻ, ടി.വി. രാജൻ എന്നിവർ പറഞ്ഞു. മാണി പറമ്പേട്ട്, ശബരി മുണ്ടക്കൽ, ഡോ. പി.ജി.ഹരി, കെ.കാർത്തികേയൻ,കെ.വി. മുസ്തഫ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com