ADVERTISEMENT

പട്ടാമ്പി ∙ മഴ തുടങ്ങുന്നതിനു മുൻപ് ഭാരതപ്പുഴയിലെ തടയണ നിർമാണം പൂർത്തീകരിക്കാനുള്ള തീരുമാനം നടപ്പാകില്ല. പുഴയിൽ നീരെ‍ാഴുക്ക് കൂടിയതിനാൽ തടയണ നിർമാണം നിർത്തേണ്ടിവരും. ഓങ്ങല്ലൂർ ചങ്ങണാംകുന്ന് റഗുലേറ്റർ തുറന്നതാണ് വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകാൻ കാരണമായത്.  പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. തടയണയുടെ 85 ശതമാനം പണിയും പൂർത്തീകരിച്ചു.

രണ്ടോ, മൂന്നേ‍ാ ആഴ്ച കെ‍ാണ്ട് തീർക്കാനുള്ള പണി മാത്രമാണ് ബാക്കിയുള്ളത്. മഴ തുടങ്ങുന്നതിനു മുൻപു തീർക്കാൻ പാകത്തിലാണ് പണി പുരോഗമിച്ചിരുന്നത്. ഇതിനിടെയാണ് മഴ നേരത്തെ എത്തിയത്. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ പണി പൂർണമായും നിർത്തേണ്ടിവരും. കാലവർഷം കനത്താൽ നിർത്തുന്ന പണി തുടരാൻ പിന്നെ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. കഴിഞ്ഞ ഫെബ്രുവരി 17നാണ് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തടയണയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 

മഴക്കാലത്തിനു മുൻപ് പദ്ധതി പ്രദേശത്തെ മണലും ചെളിയും നീക്കണമെന്ന ആവശ്യവും മഴയ്ക്ക് മുൻപ് നടത്താനായില്ല. ഇറിഗേഷൻ വകുപ്പ് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടെങ്കിലും റവന്യു വകുപ്പ് നടപടികൾ പൂർത്തീകരിക്കാത്തതാണ് മണ്ണും മണലും നീക്കാൻ തടസ്സമായത്. തൃത്താല പട്ടാമ്പി നിയോജകമണ്ഡലങ്ങളിലെ വേനലിലെ വെള്ളക്ഷാമത്തിന് പരിഹാരം കാണാനാണു ഭാരതപ്പുഴയുടെ കീഴായൂർ നമ്പ്രം ഭാഗത്തു തടയണ നിർമിക്കുന്നത്. ഇതോടെ പട്ടാമ്പി നഗരസഭയിലെയും പട്ടാമ്പി തൃത്താല മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലെയും വേനലിലെ ജല ക്ഷാമത്തിന് പരിഹാരമാകും.

പട്ടാമ്പി നഗരസഭയുടെ നിർദിഷ്ട സമഗ്ര ശുദ്ധജല പദ്ധതിക്കു കൂടി പ്രയോജനം ചെയ്യുന്നതാണ് തടയണ. നബാർഡ് ഫണ്ടിൽ 325 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലും നിർമിക്കുന്ന തടയണയ്ക്ക് 28 ഷട്ടറുകൾ ഉണ്ടാകും. ഇതു വഴി തടയണയിൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്താനാകും. 35.5 കോടി രൂപയുടെ അനുമതിയാണ് നബാർഡിൽ നിന്നു ലഭിച്ചിട്ടുള്ളത്. 2021-ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.

തടയണ യാഥാർത്യമാകുന്നതോടെ പട്ടാമ്പി, തൃത്താല നിയോജകമണ്ഡലങ്ങളിലെ പുഴയോരത്തെ ആറു പാടശേഖരങ്ങളിലെ 947 ഹെക്ടർ സ്ഥലത്ത് രണ്ടു വിള നെൽക്കൃഷിക്കും വേനൽക്കാലത്ത് പച്ചക്കറി കൃഷിക്കും ജലസേചന സൗകര്യമുണ്ടാകും. കീഴായൂർ, ആര്യമ്പാടം, കൊണ്ടൂർക്കര, ഞാങ്ങാട്ടിരി, തിരുമിറ്റക്കോട്, രായമംഗലം എന്നീ പാട ശേഖരങ്ങൾക്കാണ് തടയണയുടെ പ്രയോജനം ലഭിക്കുക. പട്ടാമ്പി നഗരസഭയുടെ പുതിയ ശുദ്ധജലവിതരണ പദ്ധതിക്കും തടയണ പ്രയോജനകരമാവും. നഗരസഭാ പരിധിയിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് അമൃത് പദ്ധതിയിലുൾപ്പെടുത്തി 7.4 കോടി രൂപ ചെലവിൽ പുതിയ ജലസംഭരണിയും ശുദ്ധീകരണ ശാലയടക്കമുള്ള പദ്ധതിക്കും വെള്ളം ലഭ്യമാകുന്ന പദ്ധതി കൂടിയാണ് തടയണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com