ADVERTISEMENT

പാലക്കാട് ∙ സംഘടനാപരമായി കോൺഗ്രസിന് അത്ര ശക്തിയുള്ള ലോക്സഭാ മണ്ഡലമല്ല പാലക്കാട്. എല്ലായിടത്തും ബൂത്ത് കമ്മിറ്റികൾ പോലും ഇല്ല. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ചില മേഖലകളിൽ എത്തിയതേയില്ല. പാർട്ടി ഇല്ലാതിരുന്ന സ്ഥലത്തും വി.കെ.ശ്രീകണ്ഠന്റെ സാന്നിധ്യം പ്രചാരണ സമയത്തുണ്ടായി. എല്ലാം കൃത്യമായി നിരീക്ഷിച്ച ഒറ്റയാൾ പ്രചാരണം എന്നു തന്നെ പറയാം. മണ്ഡലത്തെ കൈവെള്ളയിലെന്ന പോലെ അറിയുമെന്നതു തന്നെയാണു ശ്രീകണ്ഠന്റെ വിജയത്തിന്റെ പ്രധാന കാരണം. 

വിജയത്തെ നിർണയിച്ച ഘടകങ്ങൾ:
∙ എംപി എന്ന നിലയിലും സ്ഥാനാർഥി എന്ന നിലയിലും കാര്യമായ എതിരഭിപ്രായം എതിരാളികൾക്കു പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസുകാരൻ എന്ന നിലയിൽ ഒതുങ്ങാതെ എല്ലാ വിഭാഗക്കാരുമായും അടുത്ത ബന്ധം പുലർത്തി. 

∙ ലോക്സഭാംഗം എന്ന നിലയിൽ മണ്ഡലമാകെ നിറഞ്ഞു നിന്നു. സ്കൂൾ വാർഷികം മുതൽ ബിസിനസ് ക്ലോൺകേവ് വരെയുള്ള പരിപാടികളിൽ സജീവ സാന്നിധ്യമായി.

∙ വിവാദങ്ങളോ അഴിമതി ആരോപണങ്ങളോ ഉന്നയിക്കപ്പെട്ടില്ല.

∙ വികസനപ്രവർത്തനങ്ങൾ ഗുണകരമായി. വലിയ പദ്ധതികൾക്കു പുറമേ ഓരോ ഗ്രാമപഞ്ചായത്തിനും എന്തെങ്കിലും ഒരു പദ്ധതി എന്ന രീതിയിൽ ഇടപെട്ടു. പാലക്കാട് പിറ്റ്‌ലൈൻ, മുനിസിപ്പൽ ബസ് ടെർമിനൽ തുടങ്ങി റോഡ്, പാലം, വെളിച്ചം പദ്ധതികൾക്കു വരെ പണം നൽകി. കോവിഡ് കാലത്തു വീടുകളിൽ സൗജന്യമായി മരുന്നെത്തിച്ചും അട്ടപ്പാടിയിലെ ഊരുകളിൽ പഠനസൗകര്യമൊരുക്കിയും ഇടപെടൽ നടത്തി.

∙ ലോക്സഭാ മണ്ഡലത്തിലെ അടിസ്ഥാന രാഷ്ട്രീയം സംബന്ധിച്ച് ആഴത്തിലുള്ള അറിവ്. ഡിസിസി പ്രസിഡന്റായിരുന്ന സമയത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ‘ജയ്ഹോ’ യാത്ര വഴി പ്രവർത്തകരുമായി ഉണ്ടാക്കിയ ബന്ധം.

∙ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യമായി പിന്തുണ നേടാൻ കഴിഞ്ഞു. ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ടും ലഭിച്ചു.

∙ സിപിഎമ്മിന്റെ പ്രവർത്തനം അന്തിമഘട്ടത്തിൽ സജീവമായിരുന്നെങ്കിലും ആദ്യഘട്ടത്തിൽ തണുപ്പൻ മട്ടിലായിരുന്നു.

∙ മുസ്‌ലിം ലീഗിന്റെ കാര്യമായ പിന്തുണ.

∙ യുവാക്കളായ പ്രവർത്തകരുടെ സജീവമായ പ്രവർത്തനം. 

∙ സംസ്ഥാന സർക്കാരിനെതിരായ ജനവികാരം വോട്ടായി. ഇടതുപക്ഷത്തിനു വലിയ ശക്തിയുള്ള നിയമസഭാ മണ്ഡലങ്ങളിൽ പോലും അവരുടെ വോട്ട് കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com