ADVERTISEMENT

പാലക്കാട് ∙ നഗരത്തിൽ വഴി, വാഹന യാത്രക്കാരുടെ ജീവനു വരെ ഭീഷണിയാകുന്ന വിധത്തിൽ പൊതു നിരത്തുകളിലേക്ക് അഴിച്ചുവിടുന്ന കന്നുകാലികളെ നഗരസഭ പിടിച്ചുകെട്ടിത്തുടങ്ങി. കഴിഞ്ഞദിവസം രാത്രി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 7 കന്നുകാലികളെ പിടിച്ചുകെട്ടി. ഇതിൽ രണ്ടെണ്ണത്തെ ഉടമസ്ഥർ എത്തി 5000 രൂപ വീതം പിഴ അടച്ചു തിരിച്ചുകൊണ്ടുപോയി. വീണ്ടും അഴിച്ചുവിട്ടാൽ നടപടി കടുപ്പിക്കും. 5 കന്നുകാലികൾ നഗരസഭയുടെ പരിപാലനത്തിലാണ്. ഉടമസ്ഥർ എത്തിയാൽ പിഴ അടച്ചു കൊണ്ടുപോകാം. ഇല്ലെങ്കിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ലേല നടപടികളിലേക്കു കടക്കും. നഗരത്തിൽ വ്യാപകമായി കന്നുകാലികളെ അഴിച്ചുവിട്ടു തുടങ്ങിയതോടെയാണു നഗരസഭ വീണ്ടും നടപടി തുടങ്ങിയത്.

നിർമാണം സ്തംഭിച്ചു കിടക്കുന്ന ടൗൺഹാളിന്റെ മുറ്റത്തോടു ചേർന്നാണു കാലികളെ കെട്ടിയിട്ടുള്ളത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു. ഓരോ വാർഡിലും കന്നുകാലികളെ വളർത്തുന്നവരുടെ പട്ടിക നഗരസഭയുടെ കൈവശം ഉണ്ട്. ഇവർക്കെല്ലാം മുന്നറിയിപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. കാലികളെ അഴിച്ചുവിടുന്നവരുടെ പട്ടികയും നഗരസഭ എടുത്തിട്ടുണ്ട്. പലരും ടാഗ് ഊരിയെടുത്തും മറ്റും കാലികളെ അഴിച്ചുവിടുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു നഗരസഭാധികൃതർ പറഞ്ഞു. കന്നുകാലികളെ അഴിച്ചുവിടുന്നതിനെതിരെ മുൻപ് നഗരസഭ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും അന്നു ചിലരുടെ എതിർപ്പു ശക്തമായതോടെ പിന്തിരിയുകയായിരുന്നു. ഇനി അത്തരം നടപടികളും അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അധികൃതർ.

വാഹനം ഇടിച്ചിടുന്ന കന്നുകാലികളെ നോക്കാനും നഗരസഭ
വാഹനം ഇടിച്ചു പരുക്കേറ്റ് റോഡിൽ കിടക്കുന്ന കന്നുകാലികളെ പരിപാലിക്കാനും നഗരസഭ തന്നെ വേണം. റോഡിലേക്ക് അഴിച്ചുവിടുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്ന നഗരസഭ നടപടികൾക്കെതിരെ ശബ്ദമുയർത്തുന്നവരൊന്നും പരുക്കുപറ്റുന്ന കാലികളെ ശുശ്രൂഷിക്കാൻ എത്താറില്ലെന്നു പരാതിയുണ്ട്. ആഴ്ചകൾക്കു മുൻപു നൂറടി റോഡിൽ വാഹനം ഇടിച്ചു പരുക്കേറ്റ കാളയെ നഗരസഭ ആരോഗ്യവിഭാഗം എത്തിയാണ് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കു മാറ്റി വെറ്ററിനറി ഡോക്ടറുടെ ചികിത്സ ലഭ്യമാക്കിയത്.പരിപാലനവും നഗരസഭയായിരുന്നു. ഇതുവരെ ഉടമസ്ഥൻ എത്താത്തതിനാൽ കാളയെ സന്നദ്ധ സംഘടനയുടെ പരിപാലന കേന്ദ്രത്തിലേക്കു മാറ്റി. മുൻപു നൂറടി റോഡിൽ വാഹനം ഇടിച്ചു പരുക്കേറ്റു കിടന്നിരുന്ന കന്നുകാലിക്ക് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ മുൻകൈ എടുത്താണു ചികിത്സ ലഭ്യമാക്കിയത്. ദിവസങ്ങൾക്കു മുൻപു ചക്കാന്തറ റോഡിൽ വാഹനം ഇടിച്ചു പരുക്കേറ്റ പശുവിനു ചികിത്സ ലഭ്യമാക്കാനും നഗരസഭ ഇടപെടേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com