ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോടുകൂടിയ പ്രകമ്പനമാണ് റിപ്പോർട്ട് ചെയ്തത്. നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിക്ക് അടിയിൽ നിന്നു മുഴക്കവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. റവന്യു, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ പ്രാഥമിക നിഗമനം.

ചൂണ്ടൽ, കൈപ്പറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കണ്ടാണശേരി പഞ്ചായത്തിലെ കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ വർക്ക് ഏരിയയുടെ നിലത്തിന് വിള്ളൽ ഉണ്ടായി. ശബ്ദം കേട്ട് ഭയന്ന് വീട്ടുകാർ വീടിനു പുറത്തേക്ക് ഓടിയിറങ്ങി. അരിയന്നൂർ, മേഖലയിലും 2 സെക്കൻഡ് നേരം വിറയൽ അനുഭവപ്പെട്ടു. ചില വീടുകളിൽ പാത്രം താഴെ വീണു. ഗുരുവായൂർ നഗരസഭ പ്രദേശത്തും ചിലയിടങ്ങളിൽ ചലനം ഉണ്ടായി. ഗുരുവായൂർ ക്ഷേത്രത്തിൽ ഭൂചലനത്തിന്റെ സൂചനയൊന്നും ആർക്കും അനുഭവപ്പെട്ടില്ല. മറ്റുള്ളവർ പറഞ്ഞപ്പോഴാണു ക്ഷേത്രജീവനക്കാർ അടക്കമുള്ളവർ വിവരം അറിഞ്ഞത്. 

കാട്ടകാമ്പാൽ, പഴഞ്ഞി, പോർക്കുളം എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിൽപെട്ട നന്നംമുക്ക് ഭാഗത്തും ഭൂചലനം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. കുന്നംകുളം ആനായ്ക്കൽ തോട്ടുപുറത്ത് പ്രകാശന്റെ വീടിന്റെ ചുമരിന് വിള്ളൽ വീണു. ദേശമംഗലം പഞ്ചായത്തിലെ ദേശമംഗലം, കൊണ്ടയൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ശബ്ദത്തോടെ ജനൽപ്പാളികളും അടുക്കളയിലെ പാത്രങ്ങളും മറ്റും കുലുങ്ങിയതായി നാട്ടുകാർ പറഞ്ഞു. എരുമപ്പെട്ടി, വേലൂർ, കടങ്ങോട്, വരവൂർ പഞ്ചായത്തുകളിൽപെട്ട പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. 

പാലക്കാട് ജില്ലയിലെ കപ്പൂർ, ആനക്കര, നാഗലശേരി, ചാലിശ്ശേരി, തൃത്താല, തിരുമിറ്റക്കോട്, പട്ടിത്തറ തുടങ്ങി പഞ്ചായത്തുകളിലാണ് ചലനം അനുഭവപ്പെട്ടത്. മേഖലയിൽ ഇതിനു മുൻപും പലതവണ ഭൂചലനം ഉണ്ടായിട്ടുണ്ട്. 28 വർഷം മുൻപാണ് റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അന്ന് തുടർന്നുള്ള ഒരു മാസത്തോളം തുടർചലനങ്ങളും ഉണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ജാഗ്രത നിർദേശം നൽകിയതായും തഹസിൽദാരോടും ജില്ലാ ജിയോളജിസ്റ്റിനോടും സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശം നൽകിയതായും കലക്ടറുടെ ചുമതലയുള്ള എഡിഎം അറിയിച്ചു. 

തൃത്താല നിയോജകമണ്ഡലത്തിൽ ഇടിച്ചുനിരത്തിയ കുന്നുകളിൽ ഒന്ന്. തണ്ണീർക്കോട് നിന്നുള്ള ദൃശ്യം.
തൃത്താല നിയോജകമണ്ഡലത്തിൽ ഇടിച്ചുനിരത്തിയ കുന്നുകളിൽ ഒന്ന്. തണ്ണീർക്കോട് നിന്നുള്ള ദൃശ്യം.

28 വർഷം മുൻപും ഭൂചലനം: അന്നത്തെ തീവ്രത 4.2
കൂറ്റനാട് ∙ ഇന്നലെ ഭൂചലനം അനുഭവപ്പെട്ട മേഖലയിൽ 28 വർഷം മുൻപ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ തലശ്ശേരിയായിരുന്നു അന്നു പ്രഭവകേന്ദ്രം. അന്നു ഭൂകമ്പമാപിനി വയ്ക്കുന്നതിനു വേണ്ടി നിർമിച്ച കെട്ടിടം ഇപ്പോഴും ഉപയോഗശൂന്യമായി കാടുകയറിക്കിടക്കുകയാണ്. ഭൂചലനത്തിന്റെ ചരിത്രമുണ്ടെങ്കിലും മേഖലയിൽ പതിറ്റാണ്ടുകളായി കുന്നിടിക്കൽ തുടരുകയാണ്. ദേശമംഗലത്ത് വലിയ മല തുരന്നുകൊണ്ടുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം മൂലം വലിയ മല നടുവിൽ പിളർന്ന അവസ്ഥയിലാണ്.

ദേശമംഗലം പഞ്ചായത്തിലെ തന്നെ വറവട്ടൂരിലും സമാനമായ രീതിയിൽ ഒരു മല നെടുകെ പിളർത്തുന്ന രീതിയിലാണു വലിയ ക്വാറിയുടെ പ്രവർത്തനം തുടരുന്നത്. രണ്ടു പതിറ്റാണ്ടു മുൻപ് ഭൂചലനം ഉണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ഭൗമശാസ്ത്ര വിദഗ്ധരായ ഡോ.രാജേന്ദ്രൻ, കുശല രാജേന്ദ്രൻ എന്നിവർ മേഖലയിൽ ഭൂചലനം തുടർന്നും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. മലയിടിച്ചുള്ള പ്രകൃതിചൂഷണം ഉരുൾപൊട്ടലും ഭൂചലനവും പോലുള്ള പ്രകൃതിദുരന്തങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ പിന്നീടും മുന്നറിയിപ്പു നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ചൂഷണം ഇപ്പോഴും തുടരുന്നത്.

ഭൂചലനം അനുഭവപ്പെട്ട തൃത്താല മേഖലയിലെ സ്ഥലങ്ങൾ മൈനിങ് ആൻഡ് ജിയോളജി ജില്ലാ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.
ഭൂചലനം അനുഭവപ്പെട്ട തൃത്താല മേഖലയിലെ സ്ഥലങ്ങൾ മൈനിങ് ആൻഡ് ജിയോളജി ജില്ലാ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.

മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ സന്ദർശിച്ചു
തൃത്താല ∙ മേഖലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നു രാവിലെ 8.15നു വ്യാപകമായി ഭൂചലനം രേഖപ്പെടുത്തിയതിനെ തുടർന്നു മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫിസർ എം.വി.വിനോദ്, അസി. ജിയോളജിസ്റ്റ് ആരോൺ വിൽസൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഭൂചലനമുണ്ടായ തൃത്താലയിലെ തിരുമിറ്റക്കോട് ചാഴിയാട്ടിരി, പട്ടിത്തറ കക്കാട്ടിരി പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തി. പ്രദേശത്ത് വലിയ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ആളപായമോ അപകടമോ ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com