ADVERTISEMENT

തൃത്താല ∙ പരുതൂർ മംഗലത്ത് എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയുടെ സുഹൃത്തായ തൃശൂർ കിള്ളിമംഗലം സ്വദേശി കൊളപ്പുള്ളി വീട്ടിൽ അജീഷിനെ (25) പൊലീസ് പിടികൂടി. ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നിന്നു പിടിയിലായ ഞാങ്ങാട്ടിരി നായിക്കകത്ത് പറമ്പിൽ അലന്റെ (19) ഉറ്റ സുഹൃത്താണ് അജീഷ്.  ഒളിവിൽ പോയ അജീഷിനെ തൃശൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിലാണു തെളിവെടുപ്പു നടന്നത്. മദ്യപിച്ച ശേഷം വിശ്രമിക്കാൻ ആണ് വെള്ളിയാങ്കല്ലിനു സമീപമുള്ള മംഗലത്ത് എത്തിയതെന്നാണ് പ്രതികളുടെ മൊഴി. പൊലീസ് ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ആണ് എസ്ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നു കളഞ്ഞതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.  എന്നാൽ ഇത് വിശ്വാസയോഗ്യമല്ലെന്നും മുഖ്യപ്രതി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആളാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു. 

ശനിയാഴ്ച രാത്രി പരുതൂർ മംഗലം റിവർ വ്യൂ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃത്താല സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാങ്കല്ല് ഭാഗത്ത് രാത്രികാല പതിവ് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് സംശയാസ്പദമായി സാഹചര്യത്തിൽ കാർ നിർത്തിയിട്ടത് പൊലീസ് കാണുകയായിരുന്നു. പൊലീസ് സംഘം അടുത്ത് എത്തിയതും കാറിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. തുടർന്ന് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.കെ.ശശികുമാറും മറ്റൊരു പൊലീസുകാരനും വാഹനത്തിനു മുന്നിൽ കയറി നിന്ന് കൈ കാണിച്ചെങ്കിലും പി.കെ.ശശികുമാറിനെ ഇടിച്ചു വീഴ്ത്തി സംഘം കടന്നു കളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാരമായി പരുക്കേറ്റ ഗ്രേഡ് എസ്ഐ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com