ADVERTISEMENT

കുമരനല്ലൂർ ∙ പെരുന്നാൾ ദിനത്തിൽ രണ്ടു പേർക്ക് പുതുജീവൻ നൽകി മുബാറക്ക്. കൂടല്ലൂരിൽ പുഴകാണാനെത്തിയ ഉമ്മയ്ക്കും മകനുമാണ് കൂടല്ലൂർ കൂട്ടക്കടവ് സ്വദേശി പുളിക്കൽ മുബാറക്ക് രക്ഷകനായത്. നിത്യവും പുഴ കാണുന്നതാണെങ്കിലും പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം പുഴയോരത്തെത്തുന്നത് പുഴയോര വാസികൾക്ക് പ്രത്യേക അനുഭൂതിയാണ്. അതുതന്നെയാണ് മുബാറക്കിനേയും തിങ്കളാഴ്ച കുടല്ലൂർ കൂട്ടക്കടവ് റഗുലേറ്റർ പദ്ധതിപ്രദേശത്തേക്ക് പോകാൻ പ്രേ രിപ്പിച്ചത്. അതു രണ്ട് പേരെ ജിവിതത്തിലേക്ക് തിരികെ കയറ്റാനുള്ള നിമിത്തമായെന്നു മാത്രം. കുടുല്ലൂർ ജാറത്തിന് സമീപത്തെ താമസിക്കുന്ന മാതാവും ഏഴുവയസുള്ള മകനും പുഴകാണാനെത്തിയപ്പോഴായിരുന്നു അപകടവും മുബാറക്കിന്റെ അവസരോചിതമായ ഇടപെടലും.

റഗുലേറ്ററിന് താഴെ കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മാതാവും നീന്തൽ വശമില്ലാത്തതിനാൽ മുങ്ങി താഴ്ന്നു. കുടുംബ സമേതം പുഴകാണാനെത്തിയ മുബാറക്ക് ഇതു കണ്ട് പുഴയിലേക്ക് എടുത്തുചാടി ആദ്യം കുട്ടിയേയും പിന്നെ അമ്മയേയും സാഹസികമായി കരയ്ക്കെത്തിച്ചു. നിർമാണം പുരോഗമിക്കുന്ന കൂട്ടക്കടവ് റഗുലേറ്ററിന് താഴ്ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട ആഴമേറിയ ചാലിലാണ് അമ്മയും മകനും അപകടത്തിൽപ്പെട്ടത്.

2 വർഷം മുൻപ് പുഴ കാണാനെത്തിയ അമ്മയും കുഞ്ഞും കൂടല്ലൂരിൽ പുഴയിൽ മുങ്ങി മരിച്ചതിന്റെ ഓർമ ഇപ്പോഴും നാട്ടൂകാരെ നൊമ്പരപ്പെടുത്തുന്നതാണ്. മുബാറക്കിന് അഭിനന്ദന പ്രവാഹമാണ്. മന്ത്രി എം.ബി.രാജേഷ്, നിയുക്ത എംപി അബ്ദുൽ സമ്മദ് സമദാനി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങി ഒട്ടേറെപ്പേർ മുബാറക്കിനെ അഭിനന്ദിച്ചു. യൂത്ത് ലീഗ് ഉപഹാരം നൽകി. പുളിക്കൽ അബ്ദുറഹിമാൻ ഹാജിയുടെ മകനായ മുബാറക്ക് കൂറ്റനാട് എംആർ മെറ്റൽ എന്ന സ്ഥാപനം നടത്തുകയാണ്.

കൂടല്ലൂർ ∙ ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന അമ്മയെയും മകനെയും സ്വജീവൻ പണയം വച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മുബാറക് പുളിക്കലിനെ കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എം.അസീസ് ഉപഹാരം നൽകി. ചടങ്ങിൽ ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സെലിം, ടി.സ്വാലിഹ്, സി.കെ.സൈനുദ്ദീൻ, വാസു നായർ, രാധാകൃഷ്ണൻ, സമദ് പുളിക്കൽ, എം.വി.മുസ്തഫ, പി.പി.സെയ്ഫുദ്ദീൻ, പി.സൈതലവി, സിദ്ദീഖുൽ അക്ബർ എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com