ADVERTISEMENT

കൊല്ലങ്കോട് ∙ പുലിഭീതിയിൽ കഴിയുന്ന കൊശവൻകോട്ടിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂടു സ്ഥാപിച്ചു. ഇരയെ വച്ചു പിടികൂടുകയാണു വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇന്നലെ വൈകിട്ട് ആറോടെയാണു വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കൂടെത്തിച്ചു സ്ഥാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഇതുവഴി വന്ന റംഷാദ് എന്നയാൾ പുലിയെ നേരിൽ കാണുകയും നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നു സ്ഥലത്തെത്തിയ കെ.ബാബു എംഎൽഎയും നാട്ടുകാരുടെ ആശങ്ക അകറ്റാൻ കൂടു സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇന്നലെ നെന്മാറ ഡിഎഫ്ഒ പി.പ്രവീൺ കൊശവൻകോട് പ്രദേശത്തെത്തി പുലിയുടെ കാൽപാടുകൾ ഉൾപ്പെടെ പരിശോധിക്കുകയും നാട്ടുകാരുടെ ആശങ്കകൾ കേൾക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ടോടെ കൂടു സ്ഥാപിക്കാൻ വനം വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നത്. 

കഴിഞ്ഞ മാസം കൊട്ടക്കുറിശ്ശിക്കു സമീപം വാഴപ്പുഴയിൽ കമ്പിവേലിക്കെണിയിൽ കുടുങ്ങിയ പെൺപുലിയെ വനം വകുപ്പ് മയക്കു വെടിവച്ചു പിടികൂടുകയും മണിക്കൂറുകൾക്കു ശേഷം അതു ചാവുകയും ചെയ്തിരുന്നു. അന്നു തന്നെ നാട്ടുകാർ പ്രദേശത്ത് ഒന്നിലധികം പുലിയുണ്ടെന്നു പറഞ്ഞിരുന്നതാണ്. ഈ മാസം നാലിനു രാമകൃഷ്ണന്റെ സ്ഥലത്തു നാട്ടുകാർ പുലിയെ നേരിൽക്കണ്ടു. തുടർന്നു വനം വകുപ്പ് ജീവനക്കാരെത്തി നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതെന്നു സ്ഥിരീകരിച്ചു. തുടർച്ചയായ ദിവസങ്ങളിൽ തിരച്ചിൽ നടത്തുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തെങ്കിലും പുലി കുടുങ്ങിയില്ല. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ പ്രദേശത്തു വച്ചു വീണ്ടും പുലിയെ കണ്ടതോടെ വനം വകുപ്പിനു മേൽ കൂടു വയ്ക്കാൻ സമ്മർദമേറി. 

പുലിപ്പേടിയിൽ കഴിയുന്ന പ്രദേശത്തു കൂടു സ്ഥാപിക്കണമെന്നു നാട്ടുകാരും കർഷകരും നിരന്തരം ആവശ്യപ്പെടുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ ആശങ്ക ശരിവച്ചു കൊശവൻകോട്, കാളികൊളുമ്പ്, വാഴപ്പുഴ, ചീരണി എന്നിവിടങ്ങളിലെല്ലാം പുലിയുടെ കാൽപാദങ്ങൾ കാണുകയും അവ പുലിയുടേതെന്നു വനം വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൂട് വയ്ക്കാതിരുന്നാൽ പ്രതിഷേധം ശക്തമാകുമെന്നിരിക്കെയാണ് ഇന്നലെ വൈകിട്ടു കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.പ്രമോദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാൽ, സ്ഥിരം സമിതി അധ്യക്ഷൻ ആർ.ശിവൻ എന്നിവരുടെ സാന്നിധ്യത്തിൽ പുലിയെ പിടികൂടാൻ ഇര സഹിതം കൂട് സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com