ADVERTISEMENT

ഒറ്റപ്പാലം∙ കാറ്റിൽ നിന്നു രക്ഷിച്ച മഴയോടും ദൈവത്തോടും നന്ദി പറയുകയാണു കണ്ണിയംപുറത്തെ വഴിയോരക്കച്ചവടക്കാരൻ രഞ്ജിത്ത്. മഴക്കോട്ട് ധരിക്കാൻ സാവകാശം ലഭിക്കും മുൻപു പെയ്ത പെരുമഴയാണ്  ആഞ്ഞുവീശിയ കാറ്റിനിടെ കടപുഴകിയ മരത്തിനടിയിൽ നിന്ന് ആലത്തൂർ കുന്നി വീട്ടിൽ രഞ്ജിത്തിനെ (39) രക്ഷിച്ചത്. സാധാരണ മഴയത്തു കോട്ട് ധരിച്ചു പഴവർഗങ്ങൾ കച്ചവടം ചെയ്യാറുള്ള രഞ്ജിത്തിന് ഇന്നലെ ഇതിനുപോലും സാവകാശം ലഭിച്ചില്ല. ശക്തമായ മഴ തുടങ്ങിയതോടെ തൊട്ടടുത്തു ഷീറ്റ് വലിച്ചു കെട്ടിയ ഭാഗത്തേക്കു മാറി നിന്നു. നിമിഷങ്ങൾക്കകമായിരുന്നു അസാധാരണമായ കാറ്റ്. കാറ്റിൽ കച്ചവട സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലത്തിനു സമീപത്തെ വലിയ മരം കടപുഴകി റോഡിനു കുറുകെ വീണു. ‌

മരത്തിനു താഴെ രഞ്ജിത്ത് കച്ചവടത്തിനു സൂക്ഷിച്ച പഴവർഗങ്ങളും മറ്റു സാമഗ്രികളും പൂർണമായി നശിച്ച അപകടത്തിൽ നിന്നു യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പെരുമഴയുടെ രൂപത്തിലെത്തിയ ഭാഗ്യം ജീവനു തുണയായി മാറിയ രഞ്ജിത്തിന് ഇപ്പോഴും അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. 2 മാസമായി ഈ മരച്ചുവട്ടിലാണു രഞ്ജിത്തിന്റെ കച്ചവടം. ഇന്നലെ കൊണ്ടുവന്ന 40 കിലോ റംബുട്ടാനിൽ ഒരു കിലോ മാത്രമാണു വിറ്റിരുന്നത്. കിലോയ്ക്ക് 300 രൂപയോളമാണു റംബുട്ടാന്റെ വില. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു മരം പാലക്കാട്–കുളപ്പുള്ളി പ്രധാന പാതയ്ക്കു കുറുകെ വീണത്. ഇതോടെ പാതയിൽ അൽപനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  നാട്ടുകാരും ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ഏറെനേരം പരിശ്രമിച്ചാണു പാതയിൽ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com