ADVERTISEMENT

ചെർപ്പുളശ്ശേരി ∙ പട്ടണത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ നഗരസഭയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന ബസുകൾ പാലക്കാട്, ശ്രീകൃഷ്ണപുരം ഭാഗത്തേക്കുള്ളവ മലബാർ കോംപ്ലക്സിനു സമീപത്തും ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന ബസുകൾ ഒറ്റപ്പാലം റോഡിലെ പോസ്റ്റ് ഓഫിസ് പരിസരത്തും പട്ടാമ്പി ഭാഗത്തേക്കുള്ള ബസുകൾ ഗവ.ആശുപത്രി പരിസരത്തും മാത്രമേ നിർത്താൻ പാടുള്ളൂ. ബസുകൾ സ്റ്റാൻഡിൽ 5 മിനിറ്റിൽ കൂടുതൽ പാർക്ക് ചെയ്യാൻ അനുവദിക്കുകയില്ല. 

പട്ടണത്തിൽ സർവീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷകളും ഓഗസ്റ്റ് 20നകം മതിയായ രേഖകൾ ഹാജരാക്കി പെർമിറ്റ് പുതുക്കണം. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്ക് ഇറക്കാൻ എത്തുന്ന വലിയ വാഹനങ്ങൾക്ക് സമയ ക്രമീകരണം ഏർപ്പെടുത്തും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്തും. ഹൈസ്കൂൾ റോഡിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും വലിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തും. പട്ടണത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടച്ച് താൽക്കാലികമായി ഗതാഗതയോഗ്യമാക്കാനും പൊലീസ് പരിശോധന കർശനമാക്കുന്നതിനും യോഗം തീരുമാനിച്ചു. 

നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ അധ്യക്ഷനായി. പൊലീസ് ഇൻസ്പെക്ടർ ടി.ശശികുമാറിന്റെ നേതൃത്വത്തിലാണു യോഗം ചേർന്നത്. വ്യാപാരി പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com