ADVERTISEMENT

വടക്കഞ്ചേരി ∙ ദേശീയപാത വടക്കഞ്ചേരിയിൽ കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം കണ്ടെയ്നർ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കവർന്ന സംഭവത്തില്‍ പിടിയിലായ 2 പേരെ റിമാന്‍ഡ് ചെയ്തു. മറ്റ് 13 പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ബി.ഷമീർ (35), ബി.ഷജീർ (31) എന്നിവരെയാണു റിമാന്‍ഡ് ചെയ്തത്. ആന്ധ്രാ പ്രദേശിൽ നിന്നു കോട്ടയത്തേക്കു കൊണ്ടുപോവുകയായിരുന്ന കാലികളെ പതിമൂന്നോളം പേരടങ്ങിയ സംഘമാണു കവര്‍ന്നത്.  വാഹനത്തിലുണ്ടായിരുന്നവരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ലോറിയില്‍നിന്ന് ഇറക്കിയ ശേഷം ലോറിയുമായി കടന്ന് കിഴക്കഞ്ചേരിയിലെ സുരക്ഷിത സ്ഥലത്ത് കാലികളെ ഇറക്കുകയായിരുന്നു. 

buffalo-robbery

തുടര്‍ന്ന്  ലോറി ദേശീയപാതയില്‍ ഉപേക്ഷിച്ചു. കൂട്ടുപ്രതികളെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച 2 കാറുകളും ഒരു ജീപ്പും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പ്രതികളില്‍ ഭൂരിഭാഗവും ഒറ്റപ്പാലം സ്വദേശികളാണ്. ഒറ്റപ്പാലം സ്വദേശി മന്‍സൂര്‍ അലി എന്നായാളാണു മുഖ്യ പ്രതിയെന്നു പൊലീസ് പറഞ്ഞു. 

വടക്കഞ്ചേരി സിഐ കെ.പി.ബെന്നി, എസ്ഐ ജീഷ്മോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. കേസിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് കാലികളെ ഉടമകള്‍ക്കു വിട്ടുനല്‍കി.സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇറച്ചിക്കച്ചവടത്തിനു നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണു കാലികളെ മോഷ്ടിക്കുന്നതിലേക്കെത്തിച്ചതെന്നാണു പൊലീസ് പറയുന്നത്. ചുരുങ്ങിയ വിലയ്ക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കാലികളെ വാങ്ങി കേരളത്തിലെത്തിച്ച് ഇറച്ചിവില്‍പനക്കാര്‍ക്ക് നല്‍കുന്നു. 

ഇറച്ചി വില്‍പനക്കാര്‍ കിലോയ്ക്ക്  400 രൂപയ്ക്കു മുകളില്‍ വില്‍പന നടത്തുമ്പോള്‍ അനധികൃതമായി എത്തുന്ന കാലികളെ പരിശോധിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നാണു പരാതി. ചെക്പോസ്റ്റുകളില്‍ പണം നല്‍കിയാണു കേരളത്തിലേക്കും കാലികളെ കടത്തുന്നതെന്നും ആക്ഷേപമുണ്ട്.  മതിയായ രേഖകൾ ഇല്ലാതെയാണ് കാലികളെ കടത്തിയിരിക്കുന്നതെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. 15 ലക്ഷത്തോളം രൂപയുടെ കാലികളാണു വാഹനത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com