ADVERTISEMENT

മുതലമട ∙ കള്ളിയമ്പാറ പുഞ്ചിരിമഠം തോട്ടത്തിൽ ഇഞ്ചിപ്പാടത്ത് വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റു തൊഴിലാളി മരിച്ചു. തൃശൂർ വെള്ളക്കാരിത്തടം ചെന്നായപ്പാറ കൊളത്താപ്പിള്ളി വീട്ടിൽ വേലായുധന്റെ മകൻ ശിവദാസനാണ് (56) മരിച്ചത്. ബുധനാഴ്ച രാത്രിയിലാണു സംഭവം. തോട്ടത്തിലെ ഇഞ്ചിപ്പാടത്തു വന്യജീവികൾ വരുന്നതു തടയാനായി വച്ചിരുന്ന വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേൽക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ തോട്ടം ഉടമയിൽ നിന്നു തൃശൂർ വടക്കാഞ്ചേരി സ്വദേശി രാജേഷ്, ഇഞ്ചിക്കൃഷിക്കായി പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ താമസിച്ചു ജോലി ചെയ്യുകയായിരുന്നു ശിവദാസൻ. ഇന്നലെ വൈകിട്ടു ശിവദാസൻ മാത്രമായിരുന്നു തോട്ടത്തിലുണ്ടായിരുന്നത്. 

രാത്രി ഫോണിൽ വിളിച്ചിട്ടു കിട്ടാഞ്ഞതിനെ തുടർന്നു രാജേഷ് വന്നു തിരച്ചിൽ നടത്തിയപ്പോൾ ഇഞ്ചിപ്പാടത്തു വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നു പൊലീസിനെയും വൈദ്യുതി വകുപ്പിനെയും വിവരം അറിയിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊല്ലങ്കോട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ബിന്ദു. മക്കൾ: വിബിൻദാസ്, വിനിത, കൃഷ്ണേന്ദു, കൃഷ്ണജ. മരുമകൻ: പ്രതീഷ്.

വൈദ്യുതി വകുപ്പ് പരിശോധന നടത്തി
പന്നിയുൾപ്പെടെയുള്ള വന്യജീവികൾ കൃഷി നശിപ്പിക്കുന്നതു തടയാനായി വച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റു തൊഴിലാളി മരിച്ച പ്രദേശത്തു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തോട്ടത്തിലെ കൃഷിയിടത്തിന്റെ പല ഭാഗത്തും മുൻപുതന്നെ വൈദ്യുതിക്കെണി ഉണ്ടായിരുന്നതായാണ് സംഘത്തിന്റെ വിലയിരുത്തൽ.

എന്നാൽ, ഇഞ്ചിക്കൃഷിക്കു ചുറ്റുമുള്ളതു വിളവിറക്കിയതിനു ശേഷം നിർമിച്ചതാണ്. ഇതിൽ നിന്നാണു ശിവദാസനു ഷോക്കേറ്റതെന്നാണു പ്രാഥമിക നിഗമനം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.വി.ദിവ്യപ്രഭ, അസിസ്റ്റന്റ് എൻജിനീയർ സി.ഉദയകുമാർ, സബ് എൻജിനീയർ എ.ഷെയ്ക്ക് മുസ്തഫ, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിലെ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. റിപ്പോർട്ട് വകുപ്പിനു നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com