ADVERTISEMENT

പാലക്കാട് ∙ ചരക്കുലോറികൾ വരെ റോഡിലെ കുഴിയിൽ കുടുങ്ങി ഗതാഗതം സ്തംഭിക്കുമ്പോഴും ഒലവക്കോട്–താണാവ് റോഡിലെ അറ്റകുറ്റപ്പണിയും നവീകരണവും അനിശ്ചിതത്വത്തിൽ. റോഡ് ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ കുഴി നികത്തേണ്ടതും നവീകരിക്കേണ്ടതും അവരാണെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പിഡബ്ല്യുഡി ദേശീയപാത വിഭാഗം വ്യക്തമാക്കി. ദേശീയപാത അതോറിറ്റി ഫണ്ടും അനുമതിയും നൽകിയാൽ മാത്രമേ പിഡബ്ല്യുഡി എൻഎച്ച് വിഭാഗത്തിന് അറ്റകുറ്റപ്പണി നടത്താനാകൂ.

റോഡ് തകർച്ചയും ഗതാഗതക്കുരുക്കും സംബന്ധിച്ച് പിഡബ്ല്യുഡി എൻഎച്ച് വിഭാഗത്തിനു ദിവസവും പരാതി ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ ചരക്കു ലോറിയുടെ ചക്രങ്ങൾക്കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. യാത്രക്കാരും ദുരിതത്തിലായി. ഇതേത്തുടർന്നു വലിയ കുഴികളിൽ ഇഷ്ടികക്കട്ടകൾ പൊടിച്ചിട്ടുണ്ട്. പാലക്കാട്–കോഴിക്കോട് റൂട്ടിലെ പ്രധാന റോഡാണിത്. മഴ വീണ്ടും ശക്തമായാൽ ഇഷ്ടികക്കല്ലിട്ടിട്ടുള്ള ഓട്ട അടയ്ക്കൽ ഒലിച്ചുപോകും. ദിവസവും നൂറു കണക്കിനു ടാങ്കർ ലോറികളടക്കം പോകുന്ന വഴികൂടിയാണിത്. 

നവീകരണത്തിന് പദ്ധതിയില്ല
ഒലവക്കോട്–താണാവ് റോഡ് കഴിഞ്ഞ 13 വർഷമായി നവീകരിച്ചിട്ടില്ല. മൂന്നും നാലും കൊല്ലം കൂടുമ്പോൾ റോഡിലെ കുഴി അടയ്ക്കാൻ മാത്രമാണ് എൻഎച്ച്എഐ തുക അനുവദിക്കുന്നത്. അതും വെട്ടിക്കുറച്ചാണു തുക നൽകുന്നതെന്ന പരാതിയും ഉണ്ട്. ഇതിനിടെ ഒന്നിലധികം തവണ പിഡബ്ല്യുഡി എ‍ൻഎച്ച് വിഭാഗം റോഡ് നവീകരണത്തിനു പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണിയൊഴികെ മറ്റൊന്നും അനുവദിച്ചില്ല. 

ഇനി നവീകരിക്കാതെ രക്ഷയില്ല 
ദിവസവും നൂറു കണക്കിന് ഭാരവാഹനങ്ങളും ടാങ്കർ ലോറികളും പോകുന്ന ഒലവക്കോട്–താണാവ് റോഡ് പൂർണതോതിൽ നവീകരിക്കാതെ തകർച്ചയിൽ നിന്നു രക്ഷപ്പെടാനാകില്ലെന്ന് പിഡബ്ല്യുഡി മുന്നറിയിപ്പു നൽകുന്നു. താൽക്കാലിക ഓട്ട അടയ്ക്കൽ നടത്തിയാലും തൊട്ടടുത്ത ഭാഗത്ത് അപ്പോഴേക്കും കുഴി വീഴും. ഇരുവശവും കുത്തനെ താഴ്ന്നു കിടക്കുന്ന റോഡിൽ കുഴികളും എണ്ണം കൂടുംതോറും അപകട സാഹചര്യവും വർധിക്കുന്നു.

വരുന്നത് ഓണക്കാലം; തിരക്കേറും 
ഓണക്കാലത്തിരക്കു മുന്നിൽ കണ്ട് ഇപ്പോൾ തന്നെ റോഡിലെ കുഴികൾ നികത്തണമെന്ന് പൊലീസ് പറയുന്നു. എൻഎച്ച്എഐയുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം. ഈ മാസം അവസാനത്തോടെയെങ്കിലും കുഴി നികത്തിയില്ലെങ്കിൽ സെപ്റ്റംബറിൽ ഗതാഗതം പൂർണമായും കുരുക്കിലാകും. 

English Summary:

The Olavakkode-Thanavu road in Palakkad is riddled with potholes, causing significant traffic congestion and posing a danger to commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com