ADVERTISEMENT

പാലക്കാട്∙  ആത്മീയനേതൃത്വവും ദിശാബോധവും നൽകി കുടിയേറ്റ ജനതയെ നയിക്കുന്നതിനായി സ്ഥാപിച്ച പാലക്കാട് രൂപതയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപനം നാളെ ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുമെന്നു രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അറിയിച്ചു. ഒരു വർഷം വിപുലമായ ജനക്ഷേമ പദ്ധതികളാണ് സുവർണ ജൂബിലിയുടെ ഭാഗമായി നടപ്പാക്കിയത്. 

1974 ജൂൺ 20നു പോൾ ആറാമൻ മാർപാപ്പയുടെ കൽപന പ്രകാരം പാലക്കാട്, കോയമ്പത്തൂർ, അട്ടപ്പാടി മേഖലകളെയും തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന മണ്ണാർക്കാട് മേഖലയെയും ചേർത്താണു പാലക്കാട് രൂപത സ്ഥാപിച്ചത്.സുവർണ ജൂബിലി ആഘോഷം 2023 സെപ്റ്റംബർ 7നാണു തുടങ്ങിയത്. ജൂബിലിയുടെ ഭാഗമായി യുവാക്കളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.

നിലവിലുള്ള 3 കോളജുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശാക്തീകരണം, വിദ്യാർഥികൾക്കു വിവിധ സ്കോളർഷിപ്പുകൾ, സംരംഭക സഹായം തുടങ്ങിയ പദ്ധതികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. രൂപതയുടെ സുവർണ ജൂബിലി സ്മാരകമായി സാൻജോ നഴ്സിങ് കോളജ് ആരംഭിച്ചു. സമുദായ ശാക്തീകരണം, ആത്മീയ സംഘടനകളുടെ ശാക്തീകരണം, സാമൂഹിക സേവനം, ജനക്ഷേമം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ രൂപതാ സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രവർത്തനം ശക്തിപ്പെടുത്തി.

മലമ്പുഴ കൃപാസദൻ വൃദ്ധസദനം നവീകരണത്തിന്റെ പാതയിലാണ്. 50 വീടുകളാണ്  സുവർണ ജൂബിലിയുടെ ഭാഗമായി നിർമിച്ചു കൊണ്ടിരിക്കുന്നത്. രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജീജോ ചാലക്കൽ ജനറൽ കൺവീനറായി 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയും 115 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളും ചേർന്നാണ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. 

രണ്ടായിരത്തിയഞ്ഞൂറോളം വിശ്വാസികൾ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നു ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജീജോ ചാലക്കൽ, പിആർഒ ഫാ.ജോബി കാച്ചപ്പിള്ളി എന്നിവർ അറിയിച്ചു. 

നാളത്തെ ജൂബിലി സമാപന പരിപാടികൾ 
∙രാവിലെ 9ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെ പള്ളിയിലേക്കു സ്വീകരിക്കും. ബിഷപ്പുമാരുടെ മുഖ്യ കാർമികത്വത്തിൽ കുർബാന നടക്കും. 11.30ന് പൊതുസമ്മേളനം മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി കെ.കൃഷ്ണൻകുട്ടി, വി.കെ.ശ്രീകണ്ഠൻ എംപി തുടങ്ങിയവർ പങ്കെടുക്കും. ചരിത്ര പുസ്തക പ്രകാശനം, സ്മരണിക പ്രകാശനം എന്നിവയും നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com