ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരം – ആനമൂളി റോഡ് തകർന്നു. ഗതാഗതം ദുഷ്കരമായി. അട്ടപ്പാടിയിൽ നിന്നു പാലക്കാട് ഭാഗത്തേക്ക് എത്താൻ ഏറെ പേർ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. മഴ പെയ്തതോടെ റോഡിന്റെ പലഭാഗങ്ങളിലും ടാർ, മെറ്റൽ എന്നിവ  അടർന്നുപോയി കുളംപരുവമായി കിടക്കുകയാണ്.വേനൽക്കാലത്തും തകർച്ചയ്ക്കു കുറവൊന്നും ഉണ്ടായിരുന്നില്ല. മഴക്കാലത്തിനു മുൻപെങ്കിലും അറ്റക്കുറ്റപണി നടത്തണമെന്ന് ആവശ്യം ഉയർന്നെങ്കിലും നടന്നില്ലെന്നു നാട്ടുകാർ പറയുന്നു. റോഡിന്റെ തകർച്ച വാഹനാപകടങ്ങൾക്കും കാരണമാകുന്നു. മാസങ്ങൾക്കു മുൻപു ജീപ്പ് തോട്ടത്തിലേക്കു മറിഞ്ഞതുൾപ്പെടെ പ്രധാന അപകടങ്ങളുണ്ടായി. അട്ടപ്പാടിയിൽ നിന്നു രോഗികളുമായി വരുന്ന ആംബുലൻസുകളും ഈ റോഡാണ് ഉപയോഗിക്കുന്നത്.

അട്ടപ്പാടി മേഖലയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾ ചന്തയിൽ എത്തിക്കുന്നതും ഈ വഴിയിലൂടെയാണ്. തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ്.മണ്ണാർക്കാട് പോകാതെ ചിറക്കൽപ്പടിയിലെത്താം എന്നതാണു റോഡിന്റെ ഗുണം. ഇതിലൂടെ വരുമ്പോൾ പത്തു കിലോമീറ്ററിലേറെ ദൂരം കുറയും. കൂടാതെ സമയ, സാമ്പത്തിക നഷ്ടവും കുറയും. ഇക്കാരണത്താൽ പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് റോഡിലൂടെ ഗതാഗതം നടത്തുന്നത്.നാലു കിലോമീറ്ററോളം വരുന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. തകർന്നുകിടക്കുന്ന റോഡ് ഇനിയെങ്കിലും നേരെയാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.ഇതിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു ജനം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com