ADVERTISEMENT

പാലക്കാട് ∙ മുൻപു മാലിന്യം തള്ളുന്നതു കണ്ടു കണ്ണു നിറഞ്ഞിരുന്ന അതേ സ്ഥലത്ത് ഇന്നു കാന്താരി മുളക് കടിച്ചാൽ മാത്രമേ കണ്ണിൽ നിന്നു വെള്ളം വരൂ. കാന്താരി മുളകു മാത്രമല്ല വെണ്ട, വഴുതന, പപ്പായ, ചീര, സീതാരങ്ങച്ചെടി, മുരിങ്ങ, വാഴ, ചെണ്ടുമല്ലി, നിത്യകല്യാണി, പേരറിഞ്ഞതും അറിയാത്തതുമായ പൂക്കൾ എന്നിവയെല്ലാം വിളഞ്ഞു നിൽക്കുന്നു. കൂട്ടത്തിൽ നല്ല കാന്താരി മുളകുചെടിയും ഉണ്ട്. കാന്താരിയുടെ എരിവു തേടി ചിലപ്പോഴൊക്കെ വീട്ടമ്മമാരെത്തി ഒരു പിടി മുളകുമായി പോകും. 

വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്ന തുണികൾ ഉപയോഗിച്ചു തയ്യാറാക്കിയ സഞ്ചിയുമായി ശ്യാമള മനോഹരൻ.
വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്ന തുണികൾ ഉപയോഗിച്ചു തയ്യാറാക്കിയ സഞ്ചിയുമായി ശ്യാമള മനോഹരൻ.

2 വർഷം മുൻപു വരെ  മണലി ബൈപാസിനു സമീപം കൽമണ്ഡപം റോഡിൽ മാലിന്യം തള്ളിയിരുന്ന നഗരസഭയുടെ സ്ഥലത്താണ് ഇന്ന് കാന്താരിയും പൂക്കളും പൂത്തു നിൽക്കുന്നത്. നഗരസഭയുടെ മിനി എംസിഎഫും പ്രവർത്തിക്കുന്നുണ്ട്. റോഡിൽ നിന്നും വീടുകളിൽ നിന്നും കിട്ടുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ചട്ടികൾ, ഭരണികൾ എന്നിവ പോലും ഇവിടെ പുനരുപയോഗ വസ്തുക്കളാണ്. ഇതിൽ മണ്ണു നിറച്ചാണ് പൂച്ചെടികൾ നടുന്നത്. മണി പ്ലാന്റും ഉണ്ട്. പരിസരത്തെ സ്ത്രീകൾ ചോദിച്ചാൽ പൂച്ചെടികൾ നൽകും. ചെമ്പരത്തിയും ഉണ്ട്. ഇതിന്റെ കൊമ്പിനും ആവശ്യക്കാരേറെയാണ്. 

മിനി എംസിഎഫിനോടു ചേർന്നുള്ള ഈ പൂന്തോട്ട–പച്ചക്കറി തോട്ടം നട്ടു നനച്ചു പരിപാലിക്കുന്നത് നഗരസഭയിലെ ഹരിതകർമ സേന ക്ലീൻ അംബാസഡർ കൂടിയായ ശ്യാമള മനോഹരനാണ്.   ഈ വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ കമലാദേവി, പ്രേമ എന്നിവരും സഹായിക്കും. വീടുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളിലെ തുണി ഉപയോഗിച്ച് തുണി സഞ്ചിയും ഇവർ തയാറാക്കുന്നുണ്ട്. 

ഇതിനു സമയം കിട്ടുന്നില്ലെന്നാണ് ഇപ്പോഴത്തെ പ്രശ്നം. നഗരസഭാധികൃതരും സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷും ഇവർക്കു വേണ്ട സഹായം നൽകുന്നുണ്ട്.നഗരത്തിൽ മുൻപു മാലിന്യം തള്ളിയിരുന്ന പ്രദേശങ്ങളിലെല്ലാം ചെടികൾ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നുണ്ട്, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com