ADVERTISEMENT

ഒറ്റപ്പാലം ∙ ഓമനത്തത്തോടെ ഓർത്തുവയ്ക്കാൻ ഭൂതകാലക്കുളിരുകളൊന്നുമില്ല നാണി മുത്തശ്ശിയുടെ മനസ്സിൽ. കഷ്ടപ്പാടുകളുടെ കയ്പ്പാണ്  ഓർമകൾ നിറയെ. അതുകൊണ്ടുതന്നെ, പോയകാലമേ ഒന്നുവീണ്ടും വന്നിട്ടു പോകുമോയെന്നു മോഹിക്കുന്നുമില്ല. മനിശ്ശേരി തെക്കുമുറി കരിങ്കുഴിയിൽ നാണിക്കു പ്രായം 105 തികഞ്ഞു. ഓണമുണ്ട കണക്കിലും ഇത്തവണ 105 തികയ്ക്കുകയായി. പ്രായം, ഓർമകളിൽ മാറാല കെട്ടിയിട്ടുണ്ടെങ്കിലും ഓർത്തെടുക്കാൻ ഒരുപാടുണ്ട്, അനുഭവങ്ങൾ.  

പനമണ്ണ പടിക്കപ്പറമ്പിൽ വീട്ടിലായിരുന്നു ജനനം. അഞ്ചാം ക്ലാസ് വരെ പഠിച്ചു. അതിനുശേഷം കർഷകത്തൊഴിലാളിയായി. ചെത്തുതൊഴിലാളിയായിരുന്ന ഗോപാലന്റെ ഭാര്യയായാണു മനിശ്ശേരിയിലെത്തിയത്. പത്തു മക്കൾക്കു ജന്മംനൽകിയെങ്കിലും ഏഴു കുഞ്ഞുങ്ങൾ ശൈശവ പ്രായത്തിലേ മരിച്ചു. ഗോപാലൻ നാൽപത്തിയഞ്ചാം വയസ്സിൽ മരിച്ചതോടെ നാണി 3 മക്കൾ ഉൾപ്പെട്ട കുടുംബത്തിന്റെ നെടുംതൂണായി. 

അക്കാലത്തു പുലർച്ചെ തന്നെ പാ‌ടത്തു പണിക്കിറങ്ങണം. അതിനു മുൻപേ മക്കൾക്കുള്ള ഭക്ഷണം ഒരുക്കിവയ്ക്കും. വിളകളുടെ കൊയ്ത്തുകാലത്തു നെല്ലു മെതിക്കൽ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ രാത്രി വൈകിയിട്ടുണ്ടാകും. ചൂട്ടിന്റെ വെളിച്ചത്തിലാണു വീട്ടിലെത്തുക. ആദ്യകാലത്ത്, 10 പറ നെല്ലു മെതിച്ചു കൊടുത്താൽ ഒരു പറ നെല്ലായിരുന്നു തൊഴിലാളികൾക്കു വീതിച്ചു കിട്ടിയിരുന്ന കൂലി. എഴുപതാം വയസ്സുവരെ നാണി കർഷകത്തൊഴിലാളിയായി  പണിയെടുത്തു. ശേഷം, മക്കളുടെ സംരക്ഷണത്തിലായി. 

പോയ കാലമോ, ന‌ടപ്പുകാലമോ നല്ലതെന്നു ചോദിച്ചാൽ നാണി മുത്തശ്ശി നിസ്സംശയം പറയും, ഈ കാലമാണു നല്ലത്. എന്തുകൊണ്ടെന്നാൽ, ഇപ്പോൾ തൊഴിലാളികൾക്കു മാന്യമായ കൂലി കിട്ടുന്നുണ്ട്. ജീവിതം മെച്ചപ്പെട്ട നിലയിലായി. നാട്ടിലിപ്പോൾ തൊഴിലാളികളെ കിട്ടാനാണു പ്രയാസം. പലയിടത്തും അതിഥിത്തൊഴിലാളികളാണു പാടത്തു പണിയെടുക്കുന്നത്. നാണിമുത്തശ്ശിയുടെ ഓർമയിൽ ഓണക്കാലമായിരുന്നു ജീവിതത്തിലെ ആഘോഷക്കാലം. പൂവിളിയും പൂക്കളമൊരുക്കലും ഉത്രാടം നാളിൽ ചിലർ വീടുകൾ സന്ദർശിച്ചു പാടിയിരുന്ന  കൊട്ടിപ്പാട്ടും, സ്ത്രീകൾ മാതേവരുടെ ചുറ്റുംനിന്നുള്ള  കൈകൊട്ടിക്കളിയുമൊക്കെ നൂറ്റിയഞ്ചാം വയസ്സിലും  മനസ്സിലുണ്ട്. 

ഓണത്തിനാണു പുതുവസ്ത്രങ്ങൾ വാങ്ങിയിരുന്നത്, സദ്യ കഴിച്ചിരുന്നത്, വാണിയംകുളത്തുണ്ടായിരുന്ന ടാക്കീസിൽ സിനിമയ്ക്കു പോയിരുന്നത്. സെക്കൻഡ് ഷോ കാണാൻ 5 കിലോമീറ്ററോളം നടന്നായിരുന്നു യാത്ര.  അതൊക്കെ ഒരു കാലമെന്നു പറഞ്ഞ്, അഴിച്ചെടുത്ത ഓർമകളെ കൂട്ടിക്കെട്ടുമ്പോൾ മുത്തശ്ശിയുടെ കണ്ണുകളിൽ ഒരുനൂറ്റാണ്ടു നൽകിയ സമ്മിശ്രാനുഭവങ്ങളുടെ തിരുവോണം.

English Summary:

This article shares the remarkable life story of Naani Amma, a 105-year-old woman from Kerala, India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com