ADVERTISEMENT

പാലക്കാട് ∙ ടൗൺ റെയിൽവേ മേൽപാലത്തിൽ സ്വകാര്യ ബസിടിച്ചു വീണ സ്കൂട്ടർ യാത്രക്കാരി അതേ ബസിന്റെ ചക്രം തലയിൽ കയറി മരിച്ചു. ബസ് പാലത്തിൽ നിർത്തി ഡ്രൈവറും കണ്ടക്ടറും കടന്നുകളഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാർ പെരുവഴിയിലായി, ഗതാഗതക്കുരുക്കിനും ഇടയാക്കി. മണ്ണൂർ ചേറുമ്പാല പുത്തൻപള്ളിയിൽ വീട്ടിൽ വാസുവിന്റെ ഭാര്യ യശോദ (68) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ മകൾ സുജിനിക്ക് (43) പരുക്കേറ്റു. ഓണത്തോടനുബന്ധിച്ച് മകളുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു യശോദ.

അപകടത്തിന് ഇടയാക്കിയ ബസ് മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. ബൈക്ക് യാത്രക്കാരായ മുണ്ടൂർ സ്വദേശി അബി, കാവിൽപ്പാട് സ്വദേശി അൻഷാദ് എന്നിവർക്കു നിസ്സാര പരുക്കേറ്റു. ഇന്നലെ വൈകിട്ട് 7.17നാണ് അപകടം. പാലക്കാട് നഗരത്തിലെത്തി ഓണക്കോടി വാങ്ങി മന്തക്കാടുള്ള മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെത്തിയ ബസ് ഇടിച്ചാണ് അപകടം.

റോഡിലേക്കു തെറിച്ചുവീണ യശോദയുടെ തലയിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. ഇവർ തൽക്ഷണം മരിച്ചു. തുടർന്നും മുന്നോട്ടു നീങ്ങിയ ബസ് പാലത്തിന്റെ ഇറക്കത്തിൽ വച്ചാണു നിർത്തിയത്. ഉടൻ ബസ് ജീവനക്കാർ ചാവി ഊരിയെടുത്ത് കടന്നുകളഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാർ അവിടെ ഇറങ്ങി പിന്നാലെയെത്തിയ മറ്റു ബസുകളിൽ കയറിയാണു പോയത്. 

യശോദ.
യശോദ.

ഗുരുവായൂരിൽ നിന്നുള്ള ബസ് ടൗൺ സ്റ്റാൻഡിൽ കയറി ബിഒസി റോഡ് വഴിയാണ് ടൗൺ റെയിൽവേ മേൽപാലത്തിൽ പ്രവേശിച്ചത്. നഗരത്തിൽ ഓണത്തിരക്കിനിടയിലും ബസ് അമിത വേഗത്തിലായിരുന്നുവെന്നു യാത്രക്കാർ പറ‍ഞ്ഞു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ചാവി ഇല്ലാത്തതിനാൽ ബസ് പാലത്തിൽ നിന്നു മാറ്റിയിടാനായില്ല. പിന്നീട് വാഹനങ്ങൾ ഒരു വശം വഴി ക്രമീകരിച്ചാണു കടത്തിവിട്ടത്.

പാലത്തിന്റെ മധ്യത്തിലായിരുന്നു അപകടം. ഇവിടെ വഴിവിളക്ക് ഉണ്ടെങ്കിലും ആഴ്ചകളായി പ്രവർത്തിക്കുന്നില്ല. ഇതു സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. യശോദയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സജനി, രജനി എന്നിവരാണ് യശോദയുടെ മറ്റു മക്കൾ. മരുമക്കൾ: പ്രേമദാസൻ, പ്രശാന്ത്, ശങ്കരൻ. ടൗൺ നോർത്ത് പൊലീസ് കേസെടുത്തു.

പാലത്തിൽ വലിയ  കുഴികളും
ടൗൺ റെയിൽവേ മേൽപാലം ഗവ.മോയൻ സ്കൂൾ ജംക്‌ഷൻ റോഡിലേക്കുള്ള ഇറക്കത്തിൽ വലിയ വാഹനങ്ങളെപ്പോലും ആടിയുലയിക്കുന്ന വിധത്തിൽ വലിയ കുഴിയുണ്ട്. മാസങ്ങളായി ഇതേ അപകടാവസ്ഥ തുടരുന്നു. ഇന്നലെ അപകടം നടന്നത് ഇതിനും    മുകളിലാണ്.മേൽപാലം നിർമിച്ചത് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണെങ്കിലും ടോൾ കാലാവധി കഴിഞ്ഞു. പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും ആർബിഡിസികെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലുള്ള തീരുമാനം വൈകുന്നതിനാൽ പാലത്തിൽ അറ്റകുറ്റപ്പണി നടത്താ‍ൻ ഉടമസ്ഥനില്ലാത്ത സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു.

English Summary:

A 68-year-old woman lost her life in a tragic hit-and-run accident on the Town Railway overbridge in Palakkad. She was riding pillion on a scooter when a private bus hit their vehicle. The bus driver and conductor fled the scene, leaving passengers stranded and causing a traffic jam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com