ADVERTISEMENT

ഒറ്റപ്പാലം ∙ പതിറ്റാണ്ടുകളായി തരിശു കിടന്നിരുന്ന പാടങ്ങളിൽ നിന്ന് ഇത്തവണ കർഷകർ പ്രതീക്ഷിക്കുന്നതു പൊന്നുംവിള. ഒറ്റപ്പാലത്തും അമ്പലപ്പാറയിലുമായി 70 ഏക്കർ തരിശുഭൂമികളിലാണ് ഇത്തവണ രണ്ടാംവിള നെൽക്കൃഷി ഇറക്കുന്നത്.സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകൾ വഴിയാണു കാർഷിക മേഖലയ്ക്കു പുത്തൻ ഉണർവേകുന്ന തരിശുഭൂമികളിലെ രണ്ടാംവിള. അമ്പലപ്പാറ പഞ്ചായത്തിൽ മേലൂരിലും കടമ്പൂരിലുമായി ഏകദേശം 60 ഏക്കർ സ്ഥലത്തും ഒറ്റപ്പാലം നഗരസഭാ പരിധിയിൽ പാലപ്പുറത്തും പനമണ്ണയിലുമായി 10 ഏക്കർ ഭൂമിയിലുമാണു വിളവിറക്കുന്നത്.

ഇതിൽ മിക്ക കൃഷിയിടങ്ങളും ഒന്നോ രണ്ടോ പതിറ്റാണ്ടുകളായി തരിശു കിടക്കുന്നവയാണ്. തൊഴിലാളി ക്ഷാമവും കാലാവസ്ഥാ പ്രശ്നങ്ങളും വന്യമൃഗശല്യവുമൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികളായിരുന്നു കർഷകർക്കു വെല്ലുവിളി. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാൻ കഴിഞ്ഞ വർഷങ്ങളിലും പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും വിളവിറക്കാൻ സന്നദ്ധ പ്രകടിപ്പിച്ചു മുന്നോട്ടു വരാത്ത കർഷകരാണ് ഇത്തവണ പ്രതീക്ഷകളോടെ വിളവിറക്കുന്നത്.

ഇത്തവണ കൃഷിഭവന്റെയും കർഷക കൂട്ടായ്മകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയുമെല്ലാം പിന്തുണയോടെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ഇറക്കാമെന്നാണു കർഷകരുടെ തീരുമാനം.തരിശുഭൂമികളിൽ ഉൾപ്പെടെ ആകെ ഒറ്റപ്പാലത്ത് ഏകദേശം 750 ഏക്കർ സ്ഥലത്തും അമ്പലപ്പാറയിൽ 400 ഏക്കർ പാടത്തുമാണ് ഇത്തവണ രണ്ടാംവിള നെൽക്കൃഷി ഇറക്കുന്നത്.

English Summary:

In a promising turn of events, farmers in Ottapalam and Ambalapara are experiencing a resurgence in paddy cultivation. After years of lying fallow, 70 acres of land are now producing a second crop thanks to the Sustainable Paddy Development Scheme.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com