ADVERTISEMENT

പാലക്കാട് ∙ പിറ്റ്‌ലൈൻ പൂർത്തിയാകുന്നതിനൊപ്പം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള നിർദിഷ്ട ബൈപാസ് ട്രാക്കിന്റെ പണി കൂടി ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. തമിഴ്നാട്ടിൽ നിന്നു പൊള്ളാച്ചി പാത വഴി കേരളത്തിലേക്കു കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ഇത് ആവശ്യമാകും.ഏറെ കാത്തിരിപ്പിനും ഇടപെടലുകൾക്കും ശേഷമാണു പാലക്കാട് ടൗൺ സ്റ്റേഷൻ കേന്ദ്രമാക്കി പിറ്റ്‌ലൈൻ (ട്രെയിനുകളുടെ അറ്റകുറ്റപ്പണി, പരിപാലന കേന്ദ്രം) അനുവദിച്ചത്. 61 കേ‍ാടി രൂപ ചെലവു വരുന്ന പദ്ധതിയുടെ നിർമാണം ആരംഭിച്ചു. നിലവിൽ മംഗളൂരുവിലാണു ഡിവിഷനിലെ പിറ്റ്‌ലൈനുള്ളത്.

പുതിയ ട്രെയിൻ സർവീസിനുള്ള ഡിവിഷൻ നിർദേശങ്ങൾ പലപ്പേ‍ാഴും പരിപാലനകേന്ദ്രമില്ലെന്ന കാരണത്താൽ തടസ്സപ്പെടുന്നു. രണ്ടു വർഷത്തിനുള്ളിൽ പാലക്കാട് പിറ്റ്‌ലൈൻ പൂർത്തിയാക്കുകയാണു ലക്ഷ്യം. പിറ്റ്‌‌ലൈൻ തയാറായാൽ ടൗൺ സ്റ്റേഷൻ കേന്ദ്രമാക്കി തമിഴ്നാട്, മലബാർ ഭാഗത്തേക്ക് ഭാവിയിൽ അഞ്ചിലധികം ട്രെയിനുകൾ ആരംഭിക്കാനാകുമെന്നാണു റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. സ്റ്റേഷനേ‍ാടു ചേർന്ന് ഒരു ഏക്കറിൽ വിപുലമായ വാഹന പാർക്കിങ് സൗകര്യം ഉൾപ്പെടെയാണു പിറ്റ്‌‌ലൈനിന്റെ ഭാഗമായി റെയിൽവേയുടെ പദ്ധതി. സബ്സ്റ്റേഷൻ, ‍ഒ‍ാഫിസുകൾ, ജീവനക്കാരുടെ വസതി, വർക്‌ഷേ‍ാപ് എന്നിവയും വരും.

സ്റ്റേഷൻ അമൃത് പദ്ധതി രണ്ടാം ഘട്ടത്തിൽ നവീകരിക്കും. അങ്ങനെ, പലവിധത്തിൽ പിറ്റ്‌ലൈൻ വികസനത്തിന്റെ പാത കൂടിയായി മാറും. പെ‍ാള്ളാച്ചി പാത നവീകരിച്ച് വർഷങ്ങൾക്കു ശേഷവും ഒറ്റപ്പെട്ടു കിടക്കുന്ന ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നു തമിഴ്നാട്ടിലേക്കും തിരുവനന്തപുരം, മംഗളൂരു ഭാഗത്തേക്കും എക്സ്പ്രസ് ട്രെയിനുകൾ പുറപ്പെടുന്ന കാലം വിദൂരമല്ല. പക്ഷേ, അതിന് ഇപ്പേ‍ാഴേ സൗകര്യങ്ങളെ‍ാരുക്കാൻ തുടങ്ങിയില്ലെങ്കിൽ ട്രെയിനുകൾ കുരുക്കിലാകും. ഇപ്പേ‍ാൾതന്നെ ഈ വഴിയുള്ള ട്രെയിൻ ഷെ‍ാർണൂർ റൂട്ടിലേക്ക് പോകാൻ ഒലവക്കോട്ടെ പാലക്കാട് ജംക്‌ഷൻ സ്റ്റേഷനിലെത്തി എൻജിൻ ദിശ മാറ്റണം. 

 ഉദാഹരണമായി മധുര – തിരുവനന്തപുരം അമൃത എക്സ്പ്രസ് ടൗൺ സ്റ്റേഷനിൽ നിന്നു ജംക്‌ഷൻ സ്റ്റേഷനിലെത്തി എൻജിൻ മാറ്റി വേണം മുന്നോട്ടു പോകാൻ. ചരക്കു ട്രെയിനുകളും ഇതേ രീതിയിലാണ് യാത്ര. അരമണിക്കൂറിലധികം ഇങ്ങനെ നഷ്ടപ്പെടുന്നു. സാമ്പത്തികച്ചെലവു വേറെയും. ഒലവക്കേ‍ാട് ജംക്‌ഷനിൽ ട്രെയിനുകളുടെ തിരക്കു വർധിക്കുമെന്നതാണു മറ്റൊരു ഫലം.   ഇപ്പേ‍ാൾതന്നെ സ്റ്റേഷനിലേക്കു കയറാൻ ട്രെയിനുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ട്. പിറ്റ്‌ലൈൻ വരുന്നതേ‍ാടെ കൂടുതൽ റേക്കുകളും ചരക്കു ട്രെയിനുകളും പാലക്കാട് – ഒലവക്കേ‍ാട് ജംക്‌ഷൻ സ്റ്റേഷനുകൾക്കിടയിലെ ഈ കുപ്പിക്കഴുത്തിലൂടെ എത്തുക എന്നതു സാധ്യമാകില്ല. ‘കുപ്പിക്കഴുത്ത്’ ഒഴിവാക്കാൻ പാലക്കാട്ടു നിന്നു ഷെ‍ാർണൂർ മെയിൻ പാതയിലേക്ക് ബൈപ്പാസ് ട്രാക്കാണ് പരിഹാരമാർഗം. ബൈപാസ് നിർദേശം നേരത്തേ ഉയർന്നിരുന്നു.  പ്രാഥമിക സർവേ നടത്തിയെങ്കിലും പിന്നീടെ‍ാന്നുമുണ്ടായില്ല.

English Summary:

Palakkad Railway Station's new pit line is nearing completion, prompting calls for a bypass track to maximize its impact. This track would streamline train operations, enabling more services between Kerala and Tamil Nadu via the Pollachi route and reducing congestion at the Olavakkode Junction. The development is crucial for improving railway infrastructure and connectivity in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com