ADVERTISEMENT

പട്ടാമ്പി ∙ കെട്ടിട നിർമാണം പൂർത്തിയാക്കി രണ്ടു വർഷം പിന്നിട്ടിട്ടും പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ തുറക്കാനായില്ല. ഡയാലിസിസ് സെന്റർ 2023 ഡിസംബർ 15നകം തുറക്കുമെന്നു മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശന വേളയിൽ അറിയിച്ച് ഒരു വർഷം തികയാറായിട്ടും സെന്റർ അടഞ്ഞു തന്നെ കിടക്കുകയാണ്. സെന്ററിലേക്ക് വേണ്ട മെഷീനുകൾ‌ ഇതുവരെയും എത്തിക്കാനായിട്ടില്ല. 2023 നവംബർ 10നു ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികൾ സന്ദർശനം നടത്തുന്നതിനിടെയാണു മന്ത്രി പട്ടാമ്പി ആശുപത്രിയും സന്ദർശിച്ചത്.

മുഹമ്മദ് മുഹസിൻ എംഎൽഎയും നഗരസഭാധികൃതരും ഡയാലിസിസ് സെന്റർ പണി പൂർത്തീകരിച്ചിട്ടും തുറക്കാനാകാത്തതിന്റെ വിഷമം അന്നു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണു സെന്റർ തുറക്കാൻ  ഉടൻ നടപടി ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചത്. മന്ത്രിയുടെ വാക്ക് പാഴായതിന്റെ പ്രതിഷേധത്തിലാണിപ്പോൾ എല്ലാവരും.  മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 99 ലക്ഷം രൂപ ചെലവഴിച്ചാണ് 2018–19, 2020 –21 വർഷങ്ങളിലായി താലൂക്ക് ആശുപത്രിയിൽ കെട്ടിടം നിർമിച്ചത്. 

എല്ലാ പണികളും പൂർത്തിയായ സെന്ററിലേക്ക് ആവശ്യമായ മെഷിനുകൾ എത്തിച്ചാൽ രോഗികൾക്കു ഗവ.ആശുപത്രിയിൽ നിന്നു സൗജന്യ ഡയാലിസിസ് സൗകര്യം ലഭിക്കും. പട്ടാമ്പി നഗരസഭയിൽ തന്നെ നിലവിൽ 19 രോഗികൾക്കു ഡയാലിസിസ് ആവശ്യമാണ്.  സമീപ പഞ്ചായത്തുകളിലുള്ള രോഗികളും താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ തുറക്കുന്നതു കാത്തിരിക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ. നിലവിൽ ചാലിശ്ശേരി, ഒറ്റപ്പാലം ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയുമാണു പട്ടാമ്പിയിലെ ഡയാലിസിസ് രേ‍ാഗികൾ ആശ്രയിക്കുന്നത്. 10 മെഷീനുകൾ ഉള്ള സെന്റർ ആരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നത്. 

മെഷീനുകളുടെ വിലയിൽ വന്ന മാറ്റവും ജിഎസ്ടിയും ചേർന്നതോടെ 8 മെഷീനുകൾ മാത്രമേ വാങ്ങൂവെന്നു പിന്നീട് അറിയിച്ചു.  മന്ത്രി മൂന്നാഴ്ചക്കുള്ളിൽ എത്തിക്കുമെന്നറിയിച്ച മെഷീനുകൾ ഒരു വർഷമാകാറായിട്ടും എത്തിക്കാത്തതു പ്രതിഷേധാർഹമാണെന്ന് നഗരസഭ ഉപാധ്യക്ഷൻ ടി.പി.ഷാജി പറഞ്ഞു.  ആരോഗ്യ വകുപ്പിനു മെഷീനുകൾ എത്തിക്കാൻ കഴിയില്ലെങ്കിൽ നഗരസഭയെ അക്കാര്യം അറിയിച്ചാൽ വിവിധ സംഘടനകളുടെയും പഞ്ചായത്തുകളുടെയും സഹായിക്കാൻ കഴിയുന്നവരുടെയുമെല്ലാം സഹകരണത്തോടെ ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ മെഷീനുകൾ നൽകാൻ ശ്രമിക്കുമെന്നും ഇനിയും ഡയാലിസിസ് സെന്റർ തുറക്കാൻ വൈകുന്നത് അനുവദിക്കാനാകില്ലെന്നും ഷാജി പറഞ്ഞു.

English Summary:

The much-needed dialysis center at Pattambi Government Hospital remains closed despite being ready for two years. Minister Veena George's promises remain unfulfilled, leaving patients reliant on distant facilities. Local authorities and the community are stepping up to equip the center and alleviate the healthcare gap.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com