പത്തനംതിട്ട ജില്ലയിൽ ഇന്നലെ മാത്രം 6 പേർക്ക് കോവിഡ് സ്ഥിരീകരണം
Mail This Article
പത്തനംതിട്ട∙ ജില്ലയെ സമ്മർദത്തിലാക്കി ഇന്നലെ 6 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 15ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഉളളന്നൂർ സ്വദേശിനി (44), 18ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഏറത്ത് മണക്കാല സ്വദേശിയും (67) മകനും (32), മുംബൈയിൽ നിന്ന് 18ന് എത്തിയ വി കോട്ടയം വെള്ളപ്പാറ സ്വദേശിനി (25), 19 ന് സൗദിയിൽ നിന്നെത്തിയ കോയിപ്രം പുല്ലാട് സ്വദേശി (33), 23 ന് മുംബൈയിൽ നിന്ന് എത്തിയ കൊടുമൺ അങ്ങാടിക്കൽ നോർത്ത് സ്വദേശിനി (69) എന്നിവരാണ് ഇന്നലെ പോസിറ്റീവായത്.
ഇവരിൽ സൗദിയിൽ നിന്ന് എത്തിയ ആൾ കോവിഡ് കെയർ സെന്ററിലും ബാക്കിയുള്ളവർ വീട്ടിലും നിരീക്ഷണത്തിലായിരുന്നു.മഹാരാഷ്ട്രയിൽ നിന്നെത്തിയ ഉള്ളന്നൂർ സ്വദേശിനി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 വയസ്സുകാരന്റെ അമ്മയാണ്. ഇവരുടെ ഭർത്താവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 18 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 7 പേരും അടൂർ ജനറൽ ആശുപത്രിയിൽ 4 പേരും റാന്നി മേനാംതോട്ടം ആശുപത്രിയിൽ 5 പേരുമാണ് നിരീക്ഷണത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലുള്ള 11 പേർ ഉൾപ്പെടെ ജില്ലയിൽ ആകെ 45 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതിയതായി 9 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണം ഉളള 5 പേരെ സിഎഫ്എൽടിസിയിലേക്കു മാറ്റി.
∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നു തിരിച്ചെത്തിയ 3333 പേരും വിദേശത്തുനിന്നു തിരിച്ചെത്തിയ 539 പേരും ഉൾപ്പെടെ 3879 പേർ നിരീക്ഷണത്തിലാണ്. കോവിഡ് കെയർ സെന്ററുകളിൽ ആകെ 1007 പേരെ താമസിപ്പിച്ചിട്ടുണ്ട്.
∙ ജില്ലയിൽ നിന്ന് ഇന്നലെ 211 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 7525 എണ്ണമാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ 260 സാംപിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നലെ വരെ അയച്ചവയിൽ 38 എണ്ണം പോസിറ്റീവായും 6776 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചു. 532 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.