ADVERTISEMENT

കൊടുമൺ ∙ പ്ലാന്റേഷൻ തോട്ടങ്ങളിൽ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ റംബുട്ടാൻ കൃഷി വിജയം കണ്ടു. ചുവന്നു തുടുത്ത നല്ല വലുപ്പം ഉള്ള പഴങ്ങളുമായി 500 റംബുട്ടാൻ മരങ്ങളിൽ നിന്നുള്ള വിളവെടുപ്പ് ആണ് ആരംഭിച്ചത്. വിവിധ തരത്തിലുള്ള പഴവർഗങ്ങളാണ് ഇപ്പോൾ റബറിനു പുറമേ തോട്ടങ്ങളെ മനോഹരമാക്കുന്നത്. കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകളിൽ ആയി 10 ഏക്കറോളം സ്ഥലത്ത് റംബുട്ടാൻ വളർന്നു നിൽക്കുന്നു. 2014 ൽ ആണ് റംബുട്ടാൻ ഈ തോട്ടങ്ങളിൽ ചുവട് ഉറപ്പിക്കുന്നത്. റബറിന്റെ വിലയിടിവ് അതിനൊരു നിമിത്തമായി. കഴിഞ്ഞ വർഷം 13 ടൺ പഴങ്ങൾ ലഭിച്ചു. ഈ വർഷം 20 ടണ്ണിന്റെ ആദായം ആണ് പ്രതീക്ഷിക്കുന്നത്. എൻ– 18 ഇനത്തിലുള്ള തൈകളാണ് ഇവിടെ കൃഷി ചെയ്തത്. പ്രത്യേകം പാകപ്പെടുത്തി എടുത്ത തൈകളാണ് ഇവ. ഇവയുടെ പഴങ്ങൾക്ക് മധുരവും മാംസള ഭാഗവും കൂടുതലാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ഇവ കൂടുതലായും തിരഞ്ഞെടുക്കുന്നത്. കായ് വിളയുന്നതു മുതൽ പരിപാലനം അവർ തന്നെ ചെയ്യുന്നു. എല്ലാ മരങ്ങളും വല ഇട്ട് സംരക്ഷിച്ചു പോരുന്നു. കിലോയ്ക്ക് 115 രൂപ വിലയിൽ ആണ് എടുക്കുന്നത്. ഈ വർഷം 20 ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി മാനേജർ എം. സന്തോഷ് പറഞ്ഞു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ സ്ഥലങ്ങളിൽ വരുമാനം ഉള്ള കൃഷിയാണ് ഇത്. ആവശ്യക്കാർ കൂടി വന്നതോടെ എസ്റ്റേറ്റിലെ ഉപയോഗശൂന്യമായ പ്രദേശങ്ങളിലും ഈ കൃഷി നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

റംബുട്ടാൻ കൂടാതെ പാഷൻ ഫ്രൂട്ട് കൃഷിയും തോട്ടം മേഖലയിൽ വിജയകരമാക്കാൻ കഴിഞ്ഞു. ഇതും കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം ഉണ്ടാകുന്ന കൃഷിയാണ്. കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകളിലായി 9 ഏക്കർ സ്ഥലത്താണ് ഇവ കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 10 ലക്ഷം രൂപയുടെ ലാഭം ഉണ്ടായി. പാഷൻ ഫ്രൂട്ട്, അവയുടെ ജ്യൂസ് എന്നിവയ്ക്ക് ഗുണമേന്മ കൂടുതൽ ഉള്ളതു മൂലം ആവശ്യക്കാർ ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com