ADVERTISEMENT

കുളനട ∙ സ്കൂളിന്റെ ക്ലാസ് മുറികൾ താവളമാക്കി സാമൂഹിക വിരുദ്ധർ. മാന്തുക ഗവ. യുപി സ്കൂളിലാണ് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായത്. ശുചിമുറികളുടെ പൂട്ടു പൊളിച്ച സംഘം മദ്യക്കുപ്പികൾ അടക്കം മാലിന്യവും സ്കൂൾ വളപ്പിൽ ഉപേക്ഷിച്ചു. പല തവണ ഇത് ആവർത്തിച്ചതോടെ പഞ്ചായത്തിന്റെയും പൊലീസിന്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല.

മാന്തുക ഒന്നാം പുഞ്ചയ്ക്ക് സമീപം എംസി റോഡരികിലാണ് യുപി സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു കോടി രൂപ ചെലവഴിച്ചു കിഫ്ബി പദ്ധതിയിൽ പുതിയ കെട്ടിടം നിർമിച്ചു ഉദ്ഘാടനം ചെയ്തത് ഒരു വർഷം മുൻപാണ്. ഈ കെട്ടിടത്തിലെ 4 ശുചിമുറികൾ ഉൾപ്പെടെ 7 എണ്ണത്തിന്റെയും പൂട്ടുപൊളിച്ചു. ഉൾഭാഗത്തും കേടുപാട് വരുത്തി. പരിസരത്ത് മാലിന്യം ഉപേക്ഷിക്കുന്നതും പതിവാണെന്നു സ്കൂൾ അധികൃതർ പറഞ്ഞു.

സ്കൂൾ ഗേറ്റ് പൂട്ടാറുണ്ടെങ്കിലും വടക്ക് ഭാഗത്ത് ചുറ്റുമതിലില്ല. ഇതുവഴിയാണ് സാമൂഹിക വിരുദ്ധർ സ്കൂൾ വളപ്പിൽ കടക്കുന്നത്. ഇതു സംബന്ധിച്ചു ഓഗസ്റ്റ് 24ന് പൊലീസിൽ പരാതി നൽകിയിരുന്നതായി പ്രഥമാധ്യാപിക ജി.ലത പറഞ്ഞു.

കുടിവെള്ളത്തിനും ബുദ്ധിമുട്ട്

സ്കൂൾ വളപ്പിൽ കിണറുണ്ടെങ്കിലും പല ദിവസങ്ങളിലും 'ജലക്ഷാമമാണ്'. ഇവിടെയുള്ള പഴയ മോട്ടർ മിക്കപ്പോഴും പ്രവർത്തിക്കാറില്ല. ഇത് കാരണം സംഭരണിയിൽ വെള്ളം ശേഖരിക്കാനാവില്ല. 

യാത്രാക്ലേശം രൂക്ഷം

വെൺമണി, മെഴുവേലി, മുളക്കുഴ, കുളനട പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. യാത്രാക്ലേശമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം. ഉൾപ്രദേശങ്ങളിലൂടെയുള്ള ബസ് സർവീസുകൾ കുറഞ്ഞിട്ടുമുണ്ട്. സ്കൂൾ ബസ് വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനുകൂല മറുപടി ലഭിച്ചിട്ടില്ല. അധ്യാപനത്തിലും മറ്റും മികച്ച നിലവാരം പുലർത്തുന്ന സ്കൂളായിട്ടും അവഗണന തുടരുകയാണെന്നു രക്ഷിതാക്കൾ പറയുന്നു.

സ്ഥലപരിമിതി

50 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. 3 നില കെട്ടിടത്തിനാണ് രൂപരേഖ സമർപ്പിച്ചിരുന്നതെങ്കിലും അനുമതി ലഭിച്ചത് ഒരു നിലയ്ക്കാണ്. 7 ക്ലാസ് മുറികളുള്ള പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിച്ചത്.‍ ഇതോടെ ക്ലാസ് മുറികൾ 5 ആയി ചുരുങ്ങി. 40 വർഷത്തോളം പഴക്കമുള്ള പഴയ കെട്ടിടത്തിന് ബലക്ഷയവുമുണ്ട്. സ്റ്റാഫ് റൂം കൂടി ഉപയോഗിച്ചാണ് ഇപ്പോൾ ക്ലാസ് നടത്തുന്നതും. അടുക്കളയിലും പരിമിതമായ സൗകര്യങ്ങളാണുള്ളത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com