ADVERTISEMENT

കോഴഞ്ചേരി ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങിന് തുടക്കം. സ്വാതന്ത്ര്യസമരസേനാനിയായ കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസിൽ ടി.എസ്. പൊന്നമ്മയെ (95) ഇന്ന് 11ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആദരിക്കും. മഹാത്മാ ഗാന്ധിയുടെ ആഹ്വാനം ഉൾക്കൊണ്ട് 14–ാം വയസ്സിലാണ് ഹിന്ദിഭാഷാ പഠനം ആരംഭിച്ച് സ്വാതന്ത്ര്യസമര രംഗത്തേക്ക് ടി.എസ്. പൊന്നമ്മ എത്തുന്നത്. അന്നുമുതൽ പഠനത്തോടൊപ്പം ഹിന്ദി അധ്യാപനവും നിർവഹിച്ചു. ഹിന്ദി അധ്യയനവും അധ്യാപനവും അക്കാലത്ത് രാജ്യദ്രോഹമായി പരിഗണിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി രേഖാമൂലം ആവശ്യപ്പെട്ടതു കൊണ്ടാണ് കേരളത്തിലെ ഹിന്ദിപ്രചാരകരും അധ്യാപകരും ജയിൽവാസത്തിനൊരുങ്ങാതെ രാഷ്ട്രഭാഷാ പ്രചാരണത്തിൽ ഉറച്ചുനിന്നത്. ഭാഷാപ്രചാരണത്തിനുള്ള സേവനങ്ങൾ പരിഗണിച്ച് കേരള സർക്കാർ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകാരം നൽകി.

കോഴഞ്ചേരി കരിംഗണം പള്ളീൽ കുടുംബത്തിൽ 1928–ലാണ് ടി.എസ്. പൊന്നമ്മയുടെ ജനനം. പരേതരായ നെടുമ്പ്രം തോട്ടോടിൽ ശങ്കരപിള്ളയും കരിംഗണം പള്ളീൽ ലക്ഷ്മിക്കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. കോഴഞ്ചേരി ഈസ്റ്റ് ഗവ. പ്രൈമറി സ്കൂൾ, മാരാമൺ എഎംഎം ഹൈസ്കൂൾ, കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ഒറ്റപ്പാലം ഹിന്ദി മഹാവിദ്യാലയം, തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചെങ്ങന്നൂർ ഗവ.ഗേൾസ് എച്ച്എസ്എസ് ഹൈസ്കൂൾ അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കം. തിരുവനന്തപുരം റീജണൽ ലാംഗ്വേജ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി എജ്യുക്കേഷൻ സ്പെഷ്യൽ ഓഫിസറായി 1983–ൽ വിരമിച്ചു.

കോഴഞ്ചേരി ഈസ്റ്റ് വനിതാ വായനശാല ആരംഭിക്കുന്നതിൽ നിർണായക പങ്കും ടി.എസ്. പൊന്നമ്മയ്ക്കുണ്ട്. കഥകളും കവിതകളും രചിച്ച് സാഹിത്യരംഗത്തും കൈയ്യൊപ്പ് പതിപ്പിച്ച പൊന്നമ്മയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. ഹൈസ്കൂൾ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന പായിപ്പാട് ലക്ഷ്മി വിലാസത്തിൽ പരേതനായ കെ.കെ. കൃഷ്ണൻ നായരാണ് ഭർത്താവ്. പരേതനായ അഡ്വ. ശ്യാം മോഹൻലാൽ, ലഫ്റ്റനന്റ് കേണൽ (റിട്ട.) ജൈനേന്ദ്രകുമാർ, ഡോ. സുമൻചന്ദ്രറോയ്, കെ. ഷൈലേന്ദ്ര എന്നിവരാണ് മക്കൾ. കോഴഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റായ മിനി ശ്യാം മോഹൻ, രാജലക്ഷ്മി ജെയിൻ, ശ്രീകുമാരി റോയ് എന്നിവർ മരുമക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com