ADVERTISEMENT

ആറന്മുള∙ തിരുവോണ നാളിൽ ആറന്മുള പാർഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് ഉത്രാട സന്ധ്യയിൽ പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിൽ എത്തിച്ചേർന്നത് കടുത്ത പ്രയാസങ്ങളെ അതിജീവിച്ച്. പമ്പയിൽ ജലനിരപ്പ് താഴ്ന്നതിനാൽ ഉത്രാട നാളിൽ കാട്ടൂർ ക്ഷേത്രത്തിന്റെ വടക്കേ കടവിൽ നിന്നാണു തോണി പുറപ്പെട്ടത്. കാട്ടൂർ, ചെറുകോൽ, ഇടപ്പാവൂർ, കീക്കൊഴൂർ-വയലത്തല, ഇടപ്പാവൂർ പള്ളിയോടങ്ങൾ തോണിക്ക് അകമ്പടി സേവിച്ചു. ജലനിരപ്പ് താഴ്ന്നതിനാൽ തോണിയിലെ തുഴച്ചിൽകാരും അകമ്പടി സേവിച്ച കരനാഥൻമാരും വാഴക്കുന്നം നീർപ്പാലം മുതൽ തോണി ഉറച്ച സ്ഥലങ്ങളിൽ നദിയിലിറങ്ങി തോണി കയർ കെട്ടി വലിച്ചാണു തോണി കടത്തി വിട്ടത്. 

അയിരൂർ, മേലുകര, കുറിയന്നൂർ, കീഴുകര, നെടുംപ്രയാർ കരകളിലും തോണി കടത്തിവിടാൻ വേണ്ട സഹായം നൽകി. തോണി യാത്ര വിശ്രമിക്കുന്ന അയിരൂർ മഠത്തിലും മേലുകര വെച്ചൂർ മനയിലും തോണി ഈ കടവുകളിലേക്ക് അടുപ്പിക്കാൻ ഏറെ ബുദ്ധിമുട്ടി. ചെറുകോൽപുഴ പാലത്തിന് സമീപവും കുറിയന്നൂർ കുടുന്ത കടവിന് സമീപവും കോഴഞ്ചേരി പാലത്തിന് മുകൾ ഭാഗത്തും മുളവൂർ കടവിന് സമീപവും  വടംകെട്ടി വലിച്ചാണു തിരുവോണത്തോണി ആറന്മുളയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളി വാരി മാറ്റിയിരുന്നിട്ടും ക്ഷേത്രക്കടവിലേക്ക് തോണി അടുക്കാൻ എളുപ്പം സാധിച്ചില്ല.

ഭക്തിയുടെ കെടാവിളക്കുമായി മങ്ങാട്ട് ഭട്ടതിരിയെത്തി; മനംനിറച്ച് ഉണ്ട് തിരുവാറന്മുളയപ്പൻ

ആറന്മുള∙ പാർഥസാരഥിക്ക് തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായിയെത്തിയ തിരുവോണത്തോണിക്ക് ആറന്മുള ക്ഷേത്രക്കടവിൽ ഭക്തിനിർഭരമായ വരവേൽപ്പ്. ഉത്രാടനാളിൽ കാട്ടൂരിൽ നിന്നു പുറപ്പെട്ട തിരുവോണത്തോണി തിരുവോണപ്പുലരിയിൽ കടവിലെത്തി. പള്ളിയോട സേവാ സംഘം ഭാരവാഹികളും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും കരനാഥൻമാരും ഭക്തജനങ്ങളും എതിരേറ്റു. വെറ്റിലയും പുകയിലയും നൽകി ആചാരപരമായി സ്വീകരിച്ചു.


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

തിരുവോണത്തോണിയിൽ മങ്ങാട്ട് ഭട്ടതിരി അനൂപ് നാരായണൻ കെടാവിളക്കുമായി എത്തി ക്ഷേത്രത്തിലേക്കു നൽകിയശേഷം ആറന്മുള ക്ഷേത്രമേൽശാന്തി രമേശൻ പോറ്റി നട തുറന്നു കർപ്പൂരാരതി നടത്തി. നിർമാല്യദർശനത്തിന് ആയിരങ്ങൾ പങ്കെടുത്തു. അഭിഷേകം, ഉഷ പൂജ,  പന്തീരടി പൂജകൾ എന്നിവയുണ്ടായി. ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്തജനങ്ങൾക്കും പള്ളിയോട സേവാ സംഘം വിഭവസമൃദ്ധമായ തിരുവോണ സദ്യ ഒരുക്കിയിരുന്നു. ആയിരം പേരോളം സദ്യയിൽ പങ്കെടുത്തു.

പാചകക്കാരൻ സദാശിവൻ പിള്ളയാണു സദ്യ തയാറാക്കിയത്.പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജൻ, സെക്രട്ടറി പാർഥസാരഥി ആർ. പിള്ള, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, വൈസ് പ്രസിഡന്റ് സുരേഷ് വെൺപാല, തോണി യാത്ര കൺവീനർ ഹരീഷ് കോറ്റാത്തൂർ, കമ്മിറ്റി അംഗങ്ങളായ വി.കെ. ചന്ദ്രൻ, പി.ആർ. ഷാജി, ശശികുമാർ പാണ്ടനാട്, രതീഷ് മാലക്കര, ചന്ദ്രശേഖരൻ നായർ, കെ.ജി. കർത്ത, രാധാകൃഷ്ണൻ നായർ, സന്തോഷ്‌ കുമാർ ഇടക്കുളം എന്നിവരും ആറന്മുള ദേവസ്വത്തിനു വേണ്ടി അസിസ്റ്റന്റ് കമ്മിഷണർ പ്രകാശ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ജയകുമാർ എന്നിവരും തിരുവോണത്തോണിയുടെ വരവേൽപ്പിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com