ADVERTISEMENT

കോന്നി∙ഇക്കോ ടൂറിസം കേന്ദ്രത്തിലെ ആനകളുടെ വ്യായാമ മുറയുടെ ഭാഗമായി തടിപിടിത്തവും ആരംഭിച്ചു. ആനത്താവളത്തിലുള്ള തടികൾ ആനകളെക്കൊണ്ട് എടുപ്പിച്ചും വലിച്ചുമാറ്റിയും മറ്റുമാണു ശരീരമനങ്ങാനുള്ള വഴി തേടുന്നത്. ആനകളെ ഇവിടെ നടത്തുന്നതു കൂടാതെ റോഡിലിറങ്ങിയുള്ള നടത്തവും ആരംഭിച്ചിരുന്നു. ഇതു കുമ്മണ്ണൂരിൽ വനമേഖലയിലേക്ക് കൊണ്ടുപോകാനുള്ള നടപടിയുടെ ഭാഗവുമാണ്. ഇതിനു പുറമേയാണു തടിപിടിത്തവും തുടങ്ങിയിട്ടുള്ളത്. പണ്ടു നാട്ടിൻപുറങ്ങളിൽ ജനങ്ങൾക്ക് ആനയെ കാണാൻ കഴിയുന്നതു തടിപിടിക്കാൻ കൊണ്ടുവരുമ്പോഴായിരുന്നു. കാട്ടാനയെ പിടികൂടി മെരുക്കി ചട്ടംപഠിപ്പിക്കുന്നതും തടിപിടിത്തം എന്ന ലക്ഷ്യത്തോടെയായിരുന്നു.

10 വർഷം മുൻപു വരെ വനംവകുപ്പിന്റെ തേക്കുകൂപ്പുകളിൽ വെട്ടിയിടുന്ന മരങ്ങൾ വലിച്ച് അട്ടിവയ്ക്കുന്നതും ലോറിയിൽ കയറ്റുന്നതും ഉൾപ്പെടെയുള്ള ജോലിചെയ്തിരുന്നതു നാട്ടാനകളാണ്. വനംവകുപ്പിന്റെ ആനകളെയും കൂപ്പ് പണിക്കു കൊണ്ടുപോയിരുന്നു. സർക്കാർ തടി ഡിപ്പോയിലടക്കം തടി വലിക്കുന്നതിന് ആനകളെ ഉപയോഗിക്കരുതെന്ന ഉത്തരവ് ഉണ്ടായതോടെയാണ് ഇത് അവസാനിച്ചത്. കൂപ്പുകളിലേക്കുള്ള നടത്തവും തടിപിടിത്തവും ആനകളുടെ വ്യായാമത്തിന് ഏറെ ഗുണകരമായിരുന്നു. ആനകളുടെ വ്യായാമത്തിന് കൂടുതൽ സമയം കണ്ടെത്തുന്നതിന്റെ ഭാഗമായി ഈ മാസം മുതൽ എല്ലാ തിങ്കളാഴ്ചയും ടൂറിസം കേന്ദ്രത്തിന് അവധി നൽകിയിട്ടുണ്ട്.  പ്രവർത്തന സമയം 9.30 മുതൽ 6.30വരെയാക്കിയിട്ടുണ്ട്.

ആനസവാരി വീണ്ടും
കോന്നി∙ഇക്കോ ടൂറിസം കേന്ദ്രത്തിൽ ആനസവാരിയും പുനരാരംഭിക്കുന്നു. 2007ൽ ആനത്താവളത്തിൽ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച ശേഷമാണ് ആനസവാരിയും തുടങ്ങിയത്. ടിക്കറ്റ് കൗണ്ടർ കെട്ടിടത്തിനു സമീപത്തു നിന്ന് ആനപ്പുറത്തു കയറി ടൂറിസം കേന്ദ്രത്തിനുള്ളിലൂടെ നടന്നു തിരികെ ഇവിടെയെത്തിക്കും.  ഒരു ദിവസം 75 സവാരി വരെ നടത്തിയ സമയമുണ്ടായിരുന്നു. ഏതാനും വർഷം മുൻപു മൂന്നാറിൽ സന്ദർശകനെ നാട്ടാന കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉത്തരവിലൂടെ ആനസവാരി നിർത്തലാക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com