ADVERTISEMENT

ശബരിമല∙ ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ആയിരങ്ങൾക്കു ദർശന പുണ്യമേകി മിഥുന മാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് തിരുനട തുറന്നപ്പോൾ സന്നിധാനമാകെ ശരണംവിളി നിറഞ്ഞു.

ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച ശേഷം വിഗ്രഹത്തിലെ ഭസ്മം നീക്കി ദേവനെ ഭക്തജന സാന്നിധ്യം അറിയിച്ചു. അതിനു ശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കി. 

ഗണപതി, നാഗരാജാവ് എന്നീ ഉപദേവ ക്ഷേത്ര നടകളും തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണു തീർഥാടകരെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അനുവദിച്ചത്. തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 

പടി കയറാനായി ബാരിക്കേഡിലും അതിനു പുറത്തും അയ്യപ്പന്മാർ തിങ്ങി നിറഞ്ഞു നിന്നു. ഇന്ന് മുതൽ 19 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും.

തീർഥാടകരുടെ ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിച്ചത് ആശ്വാസമായി. പമ്പ–നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിനായി കെഎസ്ആർ‍ടിസി 50 ബസുകൾ ക്രമീകരിച്ചിരുന്നു. അതിനാൽ നിലയ്ക്കൽ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം പമ്പയിൽ എത്തിയവർക്കും ബുദ്ധിമുട്ട് ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com