ADVERTISEMENT

റാന്നി ∙ കനത്ത മഴയിൽ പമ്പാനദിയും കല്ലാറും കക്കാട്ടാറും കര കവിഞ്ഞു തുടങ്ങി. കുരുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ് കോസ്‌വേകൾ മുങ്ങി. അരയാഞ്ഞിലിമണ്ണ് മലയോര ഗ്രാമം ഒറ്റപ്പെട്ടു. ആറുകളിൽ സംഗമിക്കുന്ന തോടുകളിലും വെള്ളം നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് പമ്പാനദിയിൽ ജലവിതാനം ഉയർന്നത്. പിന്നാലെ കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിലായി. പുറമേ കാണാത്ത വിധത്തിൽ കോസ്‌വേയിൽ വെള്ളം കയറിക്കിടക്കുകയാണ്. പെരുന്തേനരുവിയിൽ നിന്ന് വനത്തിലൂടെ കുരുമ്പൻമൂഴിക്കുള്ള റോഡ് കോൺ‌ക്രീറ്റ് ചെയ്തതിനാൽ ജനങ്ങൾക്ക് പുറംനാടുകളുമായി ബന്ധപ്പെടുന്നതിന് തടസ്സമില്ല. ഇന്നലെ പുലർച്ചെയാണ് അരയാഞ്ഞിലിമണ്ണ് കോസ്‌വേയിൽ വെള്ളം കയറിയത്. കോസ്‌വേ പൂർ‌ണമായി മൂടിയിട്ടില്ല. കൈവരികൾ പുറമേ കാണാം. വെള്ളത്തിനു കുത്തൊഴുക്കായതിനാൽ‌ നടന്നു പോകാൻ പറ്റില്ല. പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമണ്ണ് ഗ്രാമത്തിൽ എത്തിച്ചേരാൻ മാർ‌ഗങ്ങളൊന്നുമില്ല.

1. തേരിട്ടമട ഭാഗത്ത് വലിയതോട് കവിഞ്ഞ് തീറ്റപ്പുൽ കൃഷിയിൽ വെള്ളം കയറിയപ്പോൾ. 2. പമ്പാനദി കവിഞ്ഞ് ഉപാസനക്കടവ്–പേട്ട റോഡിലേക്കു വെള്ളം കയറിയപ്പോൾ.
1. തേരിട്ടമട ഭാഗത്ത് വലിയതോട് കവിഞ്ഞ് തീറ്റപ്പുൽ കൃഷിയിൽ വെള്ളം കയറിയപ്പോൾ. 2. പമ്പാനദി കവിഞ്ഞ് ഉപാസനക്കടവ്–പേട്ട റോഡിലേക്കു വെള്ളം കയറിയപ്പോൾ.

പമ്പാനദിയിൽ ജലനിരപ്പുയർന്ന് ഇന്നലെ രാവിലെ ഉപാസനക്കടവ്–പേട്ട റോഡിലേക്കു വെള്ളം കയറിയിരുന്നു. 10 മണിക്കു ശേഷം ജലനിരപ്പുയർന്നിട്ടില്ല. ഒരേ സ്ഥിതിയിൽ വെള്ളം കിടക്കുകയാണ്. റാന്നി പള്ളിയോടം കടവുമായി ബന്ധിക്കുന്ന വലിയതോട്ടിൽ ജലനിരപ്പുയർന്നിട്ടുണ്ട്. സൈലന്റ്‌വാലി, തേരിട്ടമട, ബണ്ടുപാലം, പുള്ളോലി, സെന്റ് മേരീസ് സ്കൂൾ ഭാഗം, കാവുങ്കൽപടി ബൈപാസ്, അങ്ങാടി ശാസ്താംകോവിൽ അമ്പലത്തിനു പിൻവശം എന്നിവിടങ്ങളിൽ‌ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. റബർ തോട്ടങ്ങൾ, തീറ്റപ്പുൽ കൃഷിയിടങ്ങൾ, തരിശു പുരയിടങ്ങൾ എന്നിവ വെള്ളത്തിലാണ്. ഇന്നലെ  മഴ കാര്യമായ തോതിൽ പെയ്യാത്തതിനാൽ വെള്ളം ഒരേ നിരപ്പിൽ കിടക്കുകയാണ്. മഴ  കനത്താൽ ഈ പ്രദേശങ്ങളിലെല്ലാം ജലനിരപ്പുയരും. ചെട്ടിമുക്ക്–വലിയകാവ് റോഡിൽ പുള്ളോലി ജംക്‌ഷൻ‌ വരെ വലിയതോട്ടിൽ നിന്നുള്ള വെള്ളം കയറിയിട്ടുണ്ട്. മഴ കനത്താൽ റോഡ് മുങ്ങും. കല്ലാറും പമ്പാനദിയും സംഗമിക്കുന്ന ബംഗ്ലാംകടവ് ഭാഗത്ത് നിറഞ്ഞൊഴുകുകയാണ് വെള്ളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com