ADVERTISEMENT

അടൂർ ∙ കർഷകർക്കും നാട്ടുകാർക്കും ശല്യമായി മാറുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അധികാരം നൽകിയിട്ടും ആ അധികാരം നഗരസഭയും പഞ്ചായത്തുകളും ഉപയോഗിക്കുന്നില്ല. ഷൂട്ടർമാരെ കിട്ടാനില്ലെന്നു കാരണം ഒഴിഞ്ഞു മാറുകയാണ് തദ്ദേശസ്ഥാപന അധികൃതർ. എന്നാൽ വനംവകുപ്പിനെ സമീപിച്ചാലോ തദ്ദേശ സ്ഥാപനങ്ങൾക്ക് പന്നികളെ കൊല്ലാൻ അനുവാദം നൽകിട്ടുണ്ടെന്നും പറഞ്ഞ് അവരും കയ്യൊഴിയുകയാണ്. ഇങ്ങനെ രണ്ടും കൂട്ടരും തട്ടിക്കളിച്ച് നാട്ടുകാരുടെയും കർഷകരുടെയും സമാധാനം കെടുത്തിയിരിക്കുകയാണ്.

ഏറത്ത് പഞ്ചായത്തിൽ ശ്രീനാരായണപുരം, തുവയൂർവടക്ക് പ്രദേശങ്ങളിൽ ഇപ്പോൾ പന്നികൾ പെറ്റുപെരുകി കിടക്കുന്നതിനാൽ വീട്ടുകാരാകെ ഭീതിയിലായിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിൽ പന്നികളും പന്നിക്കുഞ്ഞുങ്ങളുമായി ഏകദേശം അൻപതോളം എണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പന്നികളും കുഞ്ഞുങ്ങളും രാത്രിയിൽ കൂട്ടത്തോടെ ഇറങ്ങി പുരയിടങ്ങളിൽ വീട്ടാവശ്യത്തിന് നട്ടിരിക്കുന്നതുൾപ്പെടെ കാർഷിക വിളകൾ കുത്തിമറിച്ച് അതിലെ കിഴങ്ങുകൾ എല്ലാം തിന്നിട്ടു പോവുകയാണ്.

ഓണത്തിന്റെ ആവശ്യത്തിനായി നട്ടിരുന്ന ചേമ്പ്, ചേന തുടങ്ങിയവയാണ് കൂടുതൽ നശിപ്പിച്ചത്. തെങ്ങിൻതൈകളും വാഴകളും കുത്തിമറിച്ചിടുകയാണ്. വയലുകളിൽ ഒരു കൃഷിയും ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്. പന്നികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ഇറങ്ങുന്നതിനാൽ ഏറത്ത് പഞ്ചായത്തിലെ 14–ാം വാർഡിൽപ്പെട്ട വായനശാല–ചൂരക്കോട് റോഡിലൂടെയുള്ള രാത്രി യാത്രയും അപകടം നിറഞ്ഞതാണ്. ഈ ഭാഗങ്ങളിലെ വീടുകളുടെ പരിസരങ്ങളിൽ സന്ധ്യയോടെ കാർഷിക വിളകൾ തിന്നാൻ കൂട്ടത്തോടെയാണ് എത്തുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഇതിനാൽ പന്നികളെ പേടിച്ച് കൃഷിയിറക്കാനും വീടുകളിൽ നിന്ന് പുറത്തിറങ്ങാനും സാധിക്കാത്ത വന്നിരിക്കുകയാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com