ADVERTISEMENT

കലഞ്ഞൂർ ∙ വ്യാജമദ്യ വിൽപന നടക്കുന്നുവെന്നാരോപിച്ച് കലഞ്ഞൂർ കാരുവയൽ ഭാഗത്ത് വഴിക്കു കാവൽ നിന്ന് വീട്ടമ്മമാർ. ഇന്നലെ രാത്രി 9ന് പ്രതിഷേധം കഴിഞ്ഞു വീട്ടമ്മമാർ മടങ്ങിയതോടെ ഇവിടെ പുറത്തു നിന്ന് ആളുകളെത്തി. ഇതറിഞ്ഞ് സ്ത്രീകൾ സംഘടിച്ച് തിരിച്ചെത്തുകയും കൂടൽ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്നു പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിൽ കാരുവയൽ സ്വദേശി രാജൻ എന്നയാളെ നാലര ലീറ്റർ വ്യാജമദ്യവുമായി അറസ്റ്റ് ചെയ്തു.

ഇയാളെ അറസ്റ്റ് ചെയ്തു. മറ്റൊരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.  മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി വീട്ടമ്മമാർ വഴിക്കു കാവൽ നിന്നു പ്രതിഷേധിച്ചിരുന്നു. വ്യാജമദ്യം വാങ്ങാനെത്തുന്നവരെ ഇവർ തടഞ്ഞു തിരിച്ചയച്ചിരുന്നു. രാവിലെ 6 മുതൽ രാത്രി വരെ വഴിയിൽ നിന്നു പ്രതിഷേധിച്ചതോടെ നടപടിയെടുക്കാൻ പൊലീസും നിർബന്ധിതരായി. 

മദ്യപർ കൊച്ചുകുട്ടികളെ പോലും ശല്യം ചെയ്യുകയാണെന്നും പ്രദേശത്ത് 2 വീടുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപന വ്യാപകമാണെന്നുള്ള പരാതിയാണ് വീട്ടമ്മമാർ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ അനി എന്ന അജീഷിനെ ചിലർ മർദിച്ചിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി സമീപത്തെ കടയിൽ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. സാരമായി പരുക്കേറ്റ അജീഷ് വിശ്രമത്തിലാണ്. കുറച്ചു ദിവസം മുൻപ് മദ്യപസംഘത്തിലെ ഒരാളെ പൊലീസ് ലഹരി വിമുക്ത കേന്ദ്രത്തിലേക്കു കൊണ്ടു പോയിരുന്നു. 

അജീഷാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിനു ശേഷമാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പരാതി പരിശോധിക്കുമെന്നും പ്രദേശത്ത് രാത്രികാല പട്രോളിങ് ഏർപ്പെടുത്തുമെന്നും കൂടൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷെമി മോൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com