ADVERTISEMENT

ശബരിമല ∙ പരാതിരഹിതമായ തീർഥാടന കാലമാണ് സർക്കാരും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എല്ലാ വകുപ്പ്‌ മേധാവികളുടെയും യോഗം ചേരുമെന്നും തുടർന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗവും നടക്കുമെന്നും മന്ത്രി പറഞ്ഞു. വരുന്ന മണ്ഡല, മകരവിളക്ക് തീർഥാടനകാല ഒരുക്കം ആലോചിക്കാൻ പമ്പയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തു.

പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള റോപ് വേ സംവിധാനത്തിന് അനുമതി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകും. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തിങ്കളാഴ്ച വൈകിട്ട് പമ്പയിലെത്തിയ മന്ത്രി ചൊവ്വാഴ്ച സന്നിധാനത്തെത്തി. തന്ത്രി മഹേഷ് മോഹനര്, മേൽശാന്തി മഹേഷ് നമ്പൂതിരി എന്നിവരെ മന്ത്രി സന്ദർശിച്ചു.

വാഹന പാർക്കിങ്ങിന് നിലയ്ക്കലിൽ കൂടുതൽ സൗകര്യം ഒരുക്കും. നിലവിൽ എണ്ണായിരം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങൾ കൂടി പാർക്ക് ചെയ്യുന്നതിന് ഉടൻ സംവിധാനം ഒരുക്കും. പമ്പയിലും സന്നിധാനത്തും ചില ഘട്ടത്തിൽ ഉണ്ടാവുന്ന അധിക തിരക്ക് ലഘൂകരിക്കാനും നടപടിയെടുക്കും. വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട തീർഥാടകരുടെ സുഗമമായ ദർശനത്തിന് നടപടികളും കൈക്കൊള്ളും. എല്ലാ മലയാള മാസം ഒന്നാംതീയതിയും തീർഥാടകരുടെ തിരക്ക് കൂടുന്നുണ്ട്. അവർക്കു വേണ്ട സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ.അജികുമാർ, കെ.സുന്ദരേശൻ, വിവിധ വകുപ്പു മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

റോപ്‌വേ; പകരം ഭൂമി ഇടുക്കിയിൽ
ശബരിമല∙ റോപ്‌വേയ്ക്കു വനഭൂമി വിട്ടുകിട്ടുന്നതിനു പകരമായി ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി വില്ലേജിൽ 4.5376 ഹെക്ടർ ഭൂമി വിട്ടുനൽകാൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, വനം മന്ത്രി എ .കെ.ശശീന്ദ്രൻ  എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗം തീരുമാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, ഹൈപവർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്ഥലം വിട്ടുനൽകുന്നതിനു റവന്യു വകുപ്പും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും  ഇന്ന് റവന്യു മന്ത്രിയെ കാണും.

സ്ഥലം ദേവസ്വം ബോർഡിനു വിട്ടുനൽകി വിജ്ഞാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വനഭൂമി വിട്ടുകിട്ടണമെങ്കിൽ പകരം സ്ഥലം നൽകണം. ഇടുക്കി ജില്ലയിൽ കണ്ടെത്തിയ 4.53 ഹെക്ടർ സ്ഥലം വനത്തോടു ചേർന്നു കിടക്കുന്നതിനാൽ അനുയോജ്യമാണെന്നു വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ സ്കെച്ചും പ്ലാനും റിപ്പോർട്ട് സഹിതം വേണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകാൻ. പമ്പ ഹിൽടോപ്പിൽ  നിന്നു സന്നിധാനത്തേക്ക് നിർമിക്കുന്ന റോപ്‌വേയുടെ ആകെ ദൂരം 2.90 കിലോമീറ്ററാണ്. 5 ടവറുകൾ ഉണ്ട്. ടവറുകൾക്കു 40 മീറ്റർ മുതൽ 70 മീറ്റർ വരെ ഉയരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com