ADVERTISEMENT

പത്തനംതിട്ട ∙ തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് ഓൾ ഇന്ത്യ ജിഡിഎസ് യൂണിയൻ (എഐജിഡിഎസ്‌യു) ഡിവിഷൻ ട്രഷറർ വ്യാജ തിരിച്ചറിയൽ കാർഡുകൾ നൽകി. പത്തനംതിട്ട ഡിവിഷനിലാണു സംഭവം. ഡിവിഷൻ ട്രഷറർക്കെതിരെയും കാർഡ് അച്ചടിച്ച കൊല്ലം ഓടനവട്ടത്തുള്ള സ്ഥാപനത്തിനെതിരെയും തപാൽ വകുപ്പ് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. 

തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന തപാൽ വകുപ്പിന്റെ കാർഡിന്റെ മാതൃകയിലാണു വ്യാജ കാർഡുകളും നിർമിച്ചത്. കൂടുതൽ സ്ഥലങ്ങളിൽ സമാന ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 

യൂണിയൻ ഭാരവാഹി കാർഡിന് 250 രൂപ വീതം വാങ്ങിയെന്നും ആരോപണമുണ്ട്. ഒരു ജീവനക്കാരന്റെ തിരിച്ചറിയൽ കാർഡ് കണ്ട് മറ്റൊരു ഉദ്യോഗസ്ഥനു തോന്നിയ സംശയമാണ് വലിയ ക്രമക്കേട് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. വകുപ്പ് സൗജന്യമായി നൽകുന്ന തിരിച്ചറിയൽ കാർഡ് കിട്ടാൻ കാലതാമസമുണ്ടെന്നും യൂണിയൻ വഴി പണം നൽകി അപേക്ഷിച്ചാൽ വേഗം ലഭിക്കുമെന്നും പുതിയ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 

വ്യാജ കാർഡുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, വകുപ്പിന്റെ നടപടി ചട്ടവിരുദ്ധമാണെന്നും ആരോപണ വിധേയനായ ജീവനക്കാരനു വിശദീകരണത്തിന് അവസരം നൽകിയില്ലെന്നും എഐജിഡിഎസ്‌യു ഭാരവാഹികൾ പ്രതികരിച്ചു. സംഘടനയ്ക്കു സംഭവവുമായി ബന്ധമില്ലെന്നും നേതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com