ADVERTISEMENT

വെച്ചൂച്ചിറ ∙ വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പ്രവർ‌ത്തനം തടസ്സപ്പെട്ടതോടെ മലയോരത്ത് മഴക്കാലത്തും ജലക്ഷാമം. പമ്പയിലെ ജലനിരപ്പ് താഴാതെ പമ്പിങ് പുനരാരംഭിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ജല അതോറിറ്റിയും ഗുണഭോക്താക്കളെ തഴഞ്ഞു. പെരുന്തേനരുവിയിലെ കിണറ്റിലേക്ക് വെള്ളമെത്തിക്കുന്ന ഗ്യാലറി പൈപ്പുകൾ മണ്ണ് കയറി അടഞ്ഞതാണ് വിനയായത്. 

പമ്പാനദിയിലെ പെരുന്തേനരുവിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ ശുദ്ധീകരിച്ച് ആശ്രമം, കുംഭിത്തോട്, പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ, കുന്നം, അരയൻപാറ എന്നീ സംഭരണികളിലൂടെ വിതരണം നടത്തുന്ന പദ്ധതിയാണിത്. പമ്പാനദിയിൽ നിന്ന് നേരിട്ട് 2 പൈപ്പുകളിലൂടെയാണ് കിണറ്റിൽ വെള്ളമെത്തിക്കുന്നത്. ആറിന്റെ അടിത്തട്ടിൽ ഇട്ടിരിക്കുന്ന പൈപ്പുകൾ ചെളിയും മണ്ണും കയറി അടയുന്നത് പതിവാണ്. കൂടാതെ കിണറ്റിൽ ചെളിയും നിറയുന്നുണ്ട്. ശാസ്ത്രീയമായ സംവിധാനങ്ങൾ ഉപയോഗിച്ച് പൈപ്പുകളിലെ ചെളി നീക്കാറില്ല. ആറ്റിൽ ജലനിരപ്പ് കുറയുമ്പോൾ പേരിനു മുഖം മിനുക്കി പമ്പിങ് ആരംഭിക്കും. ദിവസങ്ങൾ പിന്നിടുന്നതോടെ പഴയ സ്ഥിതിയാകും. ഇതേ കാഴ്ചയാണ് കിണറ്റിലെ ചെളി നീക്കുന്നതിലുമുള്ളത്. 

വെച്ചൂച്ചിറ ജവാഹർ നവോദയ വിദ്യാലയം, ഗവ. പോളിടെക്നിക് കോളജ്, വിശ്വബ്രാഹ്ണ കോളജ്, വിവിധ സ്കൂളുകൾ‌, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയെല്ലാം വെച്ചൂച്ചിറ ജല വിതരണ പദ്ധതിയെ ആശ്രയിച്ചു പ്രവർത്തിക്കുന്നവയാണ്. പമ്പിങ് മുടങ്ങിയതോടെ വെള്ളം വില കൊടുത്തു വാങ്ങണം. ഇതിനു പരിഹാരം കാണാൻ ജൽജീവൻ മിഷൻ പദ്ധതിയിൽ ബദൽ സംവിധാനം ആവിഷ്കരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. വെച്ചൂച്ചിറ, പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലെ ഭാഗികമായ മേഖലകളിൽ മുടങ്ങിയിരിക്കുന്ന ജല വിതരണം പമ്പാനദിയിലെ ജലവിതാനം കുറഞ്ഞതിനു ശേഷമേ പുനരാരംഭിക്കാനാകൂയെന്ന് അസിസ്റ്റന്റ് എൻജിനീയറാണ് അറിയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com