ADVERTISEMENT

പത്തനംതിട്ട ∙ മഴ പെയ്യരുതെന്ന പ്രാർഥനയുണ്ട് കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക്. മഴ പെയ്താൽ ശുചിമുറി മാലിന്യം ഗാരിജിലേക്ക് ഒഴുകി എത്തും. അസഹ്യമായ ദുർഗന്ധം മൂലം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ. ഡിപ്പോ ടെർമിനൽ കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണമാണ് ഇതിനു പ്രധാന കാരണം. പുതിയ കെട്ടിടവും ബസ് പാർക്കിങ് മേഖലയും ഉയരത്തിലും ഗാരിജ് ഒരാൾ താഴ്ചയിലാണ്. ടെർമിനൽ കെട്ടിടത്തിലെ ശുചിമുറി, കുളിമുറി എന്നിവിടങ്ങളിലെ വെള്ളം ഒറ്റ ടാങ്കിലാണ് എത്തുന്നത്.

കുളിമുറിയിലെ വെള്ളം ശുചീകരിച്ച് ഒഴുക്കി കളയാൻ പദ്ധതിയിട്ടു. എന്നാൽ ശുചീകരണ സംവിധാനം കാര്യക്ഷമമായില്ല. അതിനാൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള സ്ഥലത്ത് ഇത് കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമേ ശുചിമുറി ഉള്ള വശത്തും മലിനജലം കെട്ടിക്കിടക്കുന്നു. ഇവിടെയാണു മിക്ക ബസുകളും നിർത്തി യാത്രക്കാരെ ഇറക്കുന്നത്. ഇതിൽ ചവിട്ടിയാണു യാത്രക്കാർ നടന്നു പോകുന്നത്.മുന്നൂറിലേറെ ജീവനക്കാർക്കും യാത്രക്കാർക്കും വേണ്ടിയുള്ള കെട്ടിടത്തിലെ മലിനജല സംഭരണ ടാങ്കിനു വേണ്ടത്ര സംഭരണ ശേഷി ഇല്ലാത്തതും വലിയ പ്രശ്നമാണ്. ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. മഴ പെയ്യുമ്പോൾ ഇത് ഒലിച്ചു ഗാരിജിൽ എത്തും.

പഴയ കെട്ടിടത്തിലെ ശുചിമുറി ടാങ്കും നിറഞ്ഞു കിടക്കുകയാണ്. ഇതിലെ മാലിന്യവും ഒഴുകുന്നത് ഗാരിജിലേക്കാണ്. തുണി കൊണ്ട് മൂക്കു പൊത്തിയാണ് ജോലി ചെയ്യുന്നത്.റോഡിലെ മഴവെള്ളം ഒഴുകി പോകാൻ അമല ബാറിന്റെ ഭാഗത്തു കൂടിയുള്ള ഓടയും പ്രശ്നമാണ്. ഇത് ഗാരിജിന്റെ ഒരുവശത്തു കൂടിയാണ് പോകുന്നത്. മഴ പെയ്യുമ്പോൾ ഓട കവിഞ്ഞുള്ള മലിനജലവും ഗാരിജിലേക്ക് ഒഴുകി എത്തുന്നു. ഡിപ്പോയിൽ 79 ബസ് ഉണ്ട്. എല്ലാ വിഭാഗത്തിലായി 40 മെക്കാനിക് ജീവനക്കാരുണ്ട്. ആവശ്യം ഉള്ളതിനേക്കാൾ 12 പേർ കുറവാണ്.

അതിനാൽ സർവീസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാർ കഷ്ടപ്പെടുകയാണ്. ഗാരിജിനോടു ചേർന്ന് ഒരേസമയം 5 ബസുകൾ കയറ്റി പണി ചെയ്യാൻ കഴിയുന്ന റാംപ് ഉണ്ട്. മഴ പെയ്ത് അതിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. കൊതുകു ശല്യവും അസഹ്യമായി.ഡിപ്പോകളിലെ ജീവനക്കാരുടെ കാര്യശേഷി വർധിപ്പിച്ച് സർവീസുകൾ കാര്യക്ഷമമാക്കാനും വരുമാനം വർധിപ്പിക്കാനും കെഎസ്ആർടിസിയിലെ യൂണിയനുകളുടെ യോഗം തിരുവനന്തപുരം ചീഫ് ഓഫിസിൽ ചേർന്നപ്പോൾ സിഐടിയു നേതാക്കൾ ഈ വിഷയം ഉന്നയിച്ചതാണ്. എന്നാൽ പരിഹാരം മാത്രം ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com