ADVERTISEMENT

സീതത്തോട് ∙ കക്കാട്ടാറ് കുറുകെ കടക്കാൻ സ്ഥാപിച്ച നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ അപകടത്തിൽ. മതിയായ സംരക്ഷണവും ഉറപ്പുമില്ലാതെ ആറ്റിൽ നിർമിച്ച തൂണുകൾ വെള്ളത്തിൽ ഒലിച്ചു പോകാൻ സാധ്യത ഏറെയെന്ന് വിദഗ്ധർ.ഏകദേശം 60 മീറ്ററോളം നീളം വരുന്ന പൈപ്പുകൾ കക്കാട്ടാറ്റിൽ നിർമിച്ച മൂന്ന് തൂണുകളിലാണ് താങ്ങി നിർത്തിയിരിക്കുന്നത്. ഇത്രയും നീളം വരുന്ന പൈപ്പുകൾ താങ്ങി നിർത്താൻ 4 തൂണുകൾ വേണ്ട സ്ഥാനത്ത് 3 തൂണുകൾ മാത്രമാണുള്ളത്.

20 മീറ്ററോളം നീളത്തിൽ പോകുന്ന ഭാഗത്ത് ഒരു തൂണുകളും ഇല്ല. ഇവിടെ പൈപ്പുകൾ പരസ്പരം വെൽഡ് ചെയ്തു ബന്ധിച്ചിരിക്കുകയാണ്.ജല വിതരണം ആരംഭിക്കുമ്പോൾ ഈ ഭാഗത്ത് അപകടസാധ്യത ഏറെയാണെന്നാണു വിലയിരുത്തൽ. ഏതാനും ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കി കരാറുകാർ ഈ ഭാഗത്തു നിന്നു പോയിരുന്നു. വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ അപകട സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വേണ്ട മുൻകരുതൽ സ്വീകരിക്കാൻ കരാറുകാർ തയാറായിട്ടില്ലെന്നു പറയുന്നു.

കക്കാട്ടാറ്റിൽ നിർമിച്ചിരിക്കുന്ന മൂന്ന് തൂണുകളുടെ ബലത്തെ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. കനത്ത മഴയത്ത് കൂറ്റൻ തടികളാണ് വനത്തിൽ നിന്നു കക്കാട്ടാറ് വഴി ഒഴുകി എത്തുന്നത്. നിലവിലുള്ള തൂണുകൾക്കു കനത്ത മഴയിലെ അതിശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാനുള്ള കരുത്തിനെ സംബന്ധിച്ചും സംശയം ഉള്ളതായാണ് ബന്ധപ്പെട്ടവർ പറയുന്നത്.നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ശബരിമല തീർഥാടനം പൂർത്തിയാകും മുൻപെങ്കിലും പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ജലസേചന വകുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com