ADVERTISEMENT

സീതത്തോട് ∙ ഈ തിരുവോണത്തിനു ആരെങ്കിലും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രവീന്ദ്രനും ഭാര്യ ഇന്ദിരയും. രോഗാവസ്ഥ പറഞ്ഞ് ഇനിയും കൈ നീട്ടാൻ വയ്യ. ശ്വാസം എടുക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ഭാര്യ ഇന്ദിര. വർഷങ്ങളായി കക്കി വനത്തിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ഇരുവരുടെയും താമസം. അഞ്ച് വർഷം മുൻപ് ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ എത്തി. കാടു മൂടി തരിശായി കിടന്ന വനമേഖല വാസയോഗ്യമാക്കൽ കഠിനാധ്വാനം ചെയ്തു കാടിനോടു പൊരുതി.

ഇതിനിടെ ശ്വാസ തടസ്സം അസഹനീയമായതിനെത്തുടർന്നു ചികിത്സ തേടി ആശുപത്രിയിൽ. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് രവീന്ദ്രന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.കഴിഞ്ഞ കുറെ നാളുകളായി മിക്ക ദിവസവും ആശുപത്രിയിൽ. നേരിയ ആശ്വാസം തോന്നിയപ്പോൾ ഊരിലേയ്ക്കു മടങ്ങും. വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി നിലനിൽക്കുന്ന സ്ഥലമാണ് മഞ്ഞത്തോട് ആദിവാസി കോളനി. താമസിക്കുന്ന വീടുകളിൽ ആളനക്കം ഇല്ലെങ്കിൽ പന്നിയും കാട്ടാനയും അടക്കമുള്ളവർ കയ്യടക്കും. ആശുപത്രിയിൽ കിടക്കുമ്പോൾ വീടിനെ പറ്റിയാണ് ചിന്ത.

കഴിഞ്ഞ ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴേക്കും വീടിന്റെ അടിത്തറ അടക്കം കാട്ടുപന്നികൾ ഇളക്കി മറിച്ചു.തറയെല്ലാം കുത്തി ഇളക്കി. കിടക്കുന്നതിനു കട്ടിൽ ഒന്നും ഇല്ലാത്തതിനാൽ തറയിൽ തുണി വിരിച്ച് അതിലാണ് കിടപ്പ്.ഈ അവസ്ഥയിൽ തറയിൽ കിടക്കരുതെന്നു ഡോക്ടർമാർ പ്രത്യേകം നിർദേശിച്ചിട്ടുണ്ടെങ്കിലും കട്ടിലിൽ വാങ്ങാനും അതിൽ കിടക്കാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയാണിപ്പോഴെന്ന് ഇന്ദിര പറയുന്നു.

രണ്ട് ഓക്സിജൻ സിലിണ്ടറുകളാണ് ഉള്ളത്. ഒന്നിലെ ഓക്സിജൻ പൂർണമായും തീർന്നു. അടുത്തതും ഏത് സമയവും നിലയ്ക്കും. ഓക്സിജനുള്ള സിലിണ്ടർ മാറിയെടുക്കാൻ ദൂരെ പോകണം. നിത്യ ചെലവ് കേണപേക്ഷിച്ചിട്ടാണ് നടക്കുന്നത്. ഇനി ആശുപത്രിയിൽ പോകാൻ കയ്യിൽ ഒരു രൂപ പോലും ഇല്ലെന്നു ഈ ആദിവാസി ദമ്പതികൾ പറയുന്നു. രവീന്ദ്രന്റെ ദേഹമാസകലം നീരാണ്. മതിയായ ചികിത്സ കിട്ടുന്നില്ല. ആരോടും പരിഭവം പറയാതെ പച്ചമണ്ണിൽ കിടന്ന് നേരം വെളുപ്പിക്കുകയാണ്.

ഓക്സിജൻ സിലിണ്ടറിനു പകരമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൺട്രേറ്റർ ആരെങ്കിലും വാങ്ങി നൽകിയാൽ നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു ഒരു പരിധിവരെ പരിഹാരമാകുമെന്നും ഇവർ പറയുന്നു. മുൻപ് കോഴഞ്ചേരി സ്വദേശിയായ ഒരു സന്നദ്ധ പ്രവർത്തകൻ ഓക്സിജൻ വാങ്ങി നൽകിയിരുന്നു. തകരാറിനെ തുടർന്ന് പ്രവർത്തനം നിലച്ചു. പകരം കിട്ടാഞ്ഞതിനാൽ ഓക്സിജൻ സിലിണ്ടറാണ് ഇപ്പോഴുള്ള ഏക ആശ്രയം.ആരോഗ്യ പ്രവർത്തകരോടും ട്രൈബൽ വകുപ്പ് അധികൃതരോടും പറഞ്ഞിട്ടും നൽകാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.

English Summary:

Ravindran and Indira, a tribal couple residing in Kerala's Laha Manjathode colony, are facing a desperate situation this Onam. Ravindran's debilitating illness requires constant oxygen supply, but their poverty limits their access to healthcare. They are pleading for assistance, particularly an electric oxygen concentrator, to alleviate their plight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com