ADVERTISEMENT

പത്തനംതിട്ട ∙ കൊടൈക്കനാലിൽ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ അര മണിക്കൂറിനുള്ളിൽ കണ്ടെത്തി തിരുവല്ല പൊലീസ്. തിരുവനന്തപുരം സ്വദേശി വിമലിന്റെ മൊബൈലാണു കഴിഞ്ഞ ദിവസം കൊടൈക്കനാലിൽവച്ചു നഷ്ടപ്പെട്ടത്. പിന്നീട് ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോൾ ഫോൺ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇതോടെ ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു.

ലൊക്കേഷനുമായി എഎസ്ഐ എസ്.എൽ.ബിനുകുമാർ, സിപിഒ സി.ജിജോ എന്നിവരാണു ഫോൺ കണ്ടെത്താനിറങ്ങിയത്. കൃത്യമായി പരിശോധിച്ചപ്പോൾ ഫോൺ തിരുവല്ല സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാറി ചങ്ങനാശ്ശേരി സ്റ്റേഷൻ പരിധിയിലാണെന്നു കണ്ടെത്തി. ഫോണിൽ 13 % ബാറ്ററി മാത്രമാണ് അവശേഷിച്ചിരുന്നത്. ഫോൺ ഓഫ് ആയാൽ പിന്നെ ലൊക്കേഷൻ കിട്ടാതാകും. അതിനാൽ തിരുവല്ല എസ്എച്ച്ഒ ബി.കെ.സുനിൽ കൃഷ്ണന്റെ അനുവാദം വാങ്ങി തിരുവല്ല പൊലീസ് സംഘം നേരെ പെരുന്നയിലേക്കു പോയി.

ഇവിടെ ഒരു ലോഡ്ജാണു ലൊക്കേഷൻ കാണിച്ചിരുന്നത്.  ലോഡ്ജിലെത്തിയ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ ഇവിടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 2 പേർ കൊടൈക്കനാലിൽ പോയിരുന്നു എന്നറിഞ്ഞു. ഇവരുടെ മുറിക്കു പുറത്തു നിന്നു നമ്പർ ഡയൽ ചെയ്തപ്പോൾ ഫോൺ റിങ് ചെയ്യുന്നതു മനസിലാക്കി മുറി തുറന്നു പരിശോധിച്ചു. ഒരു ബാഗിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. എന്നാൽ ബാഗിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല.

കൊടൈക്കനാലിൽ ഇയാൾക്കൊപ്പം പോയ വ്യക്തിക്കും ഫോണിന്റെ കാര്യം അറിയില്ലായിരുന്നു. തുടർന്ന് ഫോണിന്റെ ചിത്രം തിരുവനന്തപുരം സ്വദേശിയുടെ സുഹൃത്തിന് അയച്ചു കൊടുത്ത് നഷ്ടപ്പെട്ടതു തന്നെയെന്ന് സ്ഥിരീകരിച്ചു. അരമണിക്കൂറിനുള്ളിൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞു. ഫോൺ തകരാറില്ലാതെ തിരികെ കിട്ടിയതിനാൽ തിരുവനന്തപുരം സ്വദേശി നിലവിൽ പരാതി നൽകിയിട്ടില്ല. യാത്ര കഴിഞ്ഞു മടങ്ങും വഴി തിരുവല്ല സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റുമെന്ന് തിരുവനന്തപുരം സ്വദേശി പൊലീസിനെ അറിയിച്ചു.

English Summary:

A Thiruvananthapuram native lost his phone in Kodaikanal but thanks to the 'Find My Device' feature and the swift action of the Thiruvalla police, it was recovered within 30 minutes from a lodge in Perunna.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com