ADVERTISEMENT

പത്തനംതിട്ട ∙ പാർട്ടി സമ്മേളന കാലത്തെ അച്ചടക്ക നടപടികൾ ഒഴിവാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. നടപടികൾ കടുത്ത വിഭാഗീയതയ്ക്കു വഴിയൊരുക്കുമെന്ന ആശങ്കയിലാണു നേതൃത്വം. റാന്നി ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ ജിതിൻ രാജിനെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയ നടപടി റദ്ദാക്കി. ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുൻപ് നിലവിലെ ജില്ലാ നേതൃത്വം അനഭിമതരായ ഭാരവാഹികൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു.

എന്നാൽ ഔദ്യോഗിക പക്ഷത്തിന്റെ വെട്ടിനിരത്തൽ നീക്കങ്ങൾക്ക് സംസ്ഥാന നേതൃത്വം തന്നെ തടയിട്ടു. പാർട്ടി പ്രവർത്തകനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു ജിതിനെതിരായ പരാതി. തുടർന്ന് ജില്ലാ സെക്രട്ടറി ഉദയഭാനുവും സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാമും പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണു തരംതാഴ്ത്തൽ നടപടിയുണ്ടായത്. 

തുമ്പമൺ ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെ ഭാരവാഹിത്വത്തിൽ നിന്നു നീക്കി പാർട്ടി അംഗത്വത്തിൽ മാത്രമായി നിലനിർത്താനുള്ള നീക്കത്തിനും തിരിച്ചടിയുണ്ടായെന്നാണു സൂചന. തുമ്പമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകനെ അസഭ്യം വിളിച്ചെന്ന് പരാതിയുണ്ടായ ശേഷമാണ് അർജുൻദാസിനെതിരെ ജില്ലാ കമ്മിറ്റി നീങ്ങിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയെന്ന ധ്വനിയിൽ ഫെയ്സ്ബുക് പോസ്റ്റിട്ടത് നേരത്തെ ചർച്ചാവിഷയമായിരുന്നു. എന്നാൽ അർജുനെതിരായ നടപടിക്കെതിരെ ലോക്കൽ കമ്മിറ്റി നിലപാടെടുത്തു. തുടർന്ന് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. കൃത്യമായ തെളിവുകളില്ലാതെ നടപടി സാധിക്കില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഇതോടെ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അപ്രസക്തമായി.

തർക്കം, ബഹളം: ബ്രാഞ്ച് സമ്മേളനം നിർത്തി വച്ചു
ലോക്കൽ സമ്മേളന പ്രതിനിധികളായി വനിതാ അംഗത്തെ ആവശ്യമില്ലെന്ന മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാടിനെ തുടർന്ന് പ്രക്കാനം ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ തർക്കവും ബഹളവും. പ്രശ്നം രൂക്ഷമായതിനെ തുടർന്നു സമ്മേളനം നിർത്തിവച്ചു. പാർട്ടി അന്വേഷണ കമ്മിഷനെ നിയമിച്ചു. ഞായറാഴ്ച പ്രക്കാനത്തെ ലോക്കൽ കമ്മിറ്റി ഓഫിസിലാണ് ബ്രാഞ്ച് സമ്മേളനം നടന്നത്. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സമ്മേളനത്തിൽ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗമായിരുന്നു ഉദ്ഘാടകൻ.

ലോക്കൽ സമ്മേളനത്തിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തപ്പോഴാണു തർക്കം തുടങ്ങിയത്. പാർട്ടി അംഗത്വത്തിന് അനുസരിച്ചു 3 പ്രതിനിധികളെ മാത്രമേ തിരഞ്ഞെടുക്കാൻ പറ്റു. അതിൽ തന്നെ പട്ടികജാതി, വനിത അംഗങ്ങൾ ഉണ്ടാകണമെന്നാണു പാർട്ടി നിർദേശം. നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും ഒരു വനിതാ അംഗവും ഉൾപ്പെടുന്ന വിധം 3 പേരെ പ്രതിനിധികളാക്കി പാനൽ അവതരിപ്പിച്ചു. 

ഇതിനെ മുൻ ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്തു. പാർട്ടിയിൽ കഷ്ടപ്പെടുന്നവർക്കു സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. വനിത പ്രാതിനിധ്യം വേണ്ടെന്നും വാദിച്ചു. അച്ചടക്കം പാലിക്കണമെന്നും വിഭാഗീയത അനുവദിക്കില്ലെന്നു മുതിർന്ന നേതാവ് അറിയിച്ചു. തർക്കം ശക്തമായതിനെ തുടർന്ന് സമ്മേളനം നിർത്തിവച്ചു. പാർട്ടി ഏരിയ കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവിടങ്ങളിൽ ഇത് റിപ്പോർ‍ട്ട് ചെയ്തു. തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

English Summary:

In a bid to maintain party unity, the Communist Party of India (Marxist) leadership in Kerala has decided against taking disciplinary action against any members during the upcoming party conference. This decision comes amidst concerns that such actions could exacerbate existing factionalism within the party. The leadership's move follows their recent reversal of the demotion of Jithin Raj, a member of the Ranni Area Committee and DYFI District Committee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com