ADVERTISEMENT

തിരുവനന്തപുരം∙ ഒരു മിനിട്ടു കൂടി കാത്തു നിൽക്കണം. ക്ഷമ നശിച്ച് ആ ചെറുപ്പക്കാരൻ സെക്യുരിറ്റി ജീവനക്കാരനെ സമീപിച്ചു –"അണ്ണാ ഇനിയെങ്കിലും അകത്തേക്കു കടത്തുവിടുമോ". മൊബൈൽ ഫോണിലെ ക്യു ആർ കോഡും വാച്ചും നോക്കിയ ശേഷം ഇനിയും ഒരു മിനിട്ടുണ്ടല്ലോ എന്നു സുരക്ഷാ ജീവനക്കാരന്റെ മറുപടി. 

ബെവ് ക്യു ആപ്പു വഴി രാവിലെ 11 നും 11.15 നും ഇടയ്ക്ക്  മദ്യം വാങ്ങാൻ അറിയിപ്പു ലഭിച്ചതിനെ തുടർന്ന് പത്തര മുതൽ പഴവങ്ങാടി ബെവ്കോ ഔട്ട്ലറ്റിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു ചെറുപ്പക്കാരൻ. ശരീരോഷ്മാവ് പരിശോധനയും ക്യു ആർ കോഡ് വെരിഫിക്കേഷനും മറ്റും കഴിഞ്ഞ് ഉദ്ദേശിച്ച ബ്രാൻഡ് കയ്യിൽ കിട്ടിയപ്പോൾ സന്തോഷത്തോടെ മടക്കം. 

ഊഴം കാത്തു നിൽക്കുന്നതിനിടെ 'സാധനം" കിട്ടിയോ എന്നു ചോദ്യവുമായാണ് മലയം സ്വദേശിയായ ചെടിച്ചട്ടി വിൽപ്പനക്കാരനെ സമീപിച്ചത്. ഇല്ലെന്നു മറുപടി. ബുക്കു ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മൊബൈൽ ഫോൺ ഇല്ലെന്നു മറുപടി. മുഖത്തെ നിരാശ കണ്ടിട്ടാവണം ചെടിച്ചട്ടി വിൽപ്പനക്കാരനിൽ നിന്നു പണം വാങ്ങി  പൈന്റ് റം വാങ്ങിക്കൊടുത്തു ആ മഹാമനസ്ക്കൻ. ഒരാൾക്ക് 3 ലീറ്റർ വരെ മദ്യം ലഭിക്കും. അതിൽ കുറഞ്ഞ അളവു മദ്യമേ ആവശ്യമുള്ളൂവെന്നതിനാൽ ഒരു പരസഹായം! 

മദ്യം വാങ്ങാൻ അനുവദിച്ചിരിക്കുന്ന സമയം 11.30 ന് അവസാനിക്കാനിരിക്കേ, 11.25 ആയപ്പോൾ പഴവങ്ങാടി ബെവ്കോ ഔട്ട്ലറ്റിലേക്ക് ഒരാൾ ഓടിപ്പാഞ്ഞെത്തി. സുരക്ഷാ ജീവനക്കാരൻ മൊബൈൽ ഫോൺ പരിശോധിച്ച ശേഷം ഔട്ട്ലറ്റ് മാറിപ്പോയെന്നറിയിച്ചതോടെ ആശങ്കയായി. "ഓടി ഉപ്പിടാംമൂട് പാലത്തിനു സമീപത്തെ കടയിലേക്ക് പൊയ്ക്കോ" എന്ന ഉപദേശം നൽകിയാണ് സുരക്ഷാ ജീവനക്കാരൻ അയാളെ യാത്രയാക്കിയത്. പഴവങ്ങാടിക്കു അര കിലോമീറ്റർ ചുറ്റളവിലെ 3 ഔട്ട്ലറ്റുകൾ മദ്യം അകത്താക്കാതെ തന്നെ മദ്യപരെ ശരിക്കും കറക്കി. പവർ ഹൗസ് റോഡിലും പഴവങ്ങാടിയിലും ഉപ്പിടാംമൂട് പാലത്തിനു സമീപത്തുമായുള്ള 3 ഔട്ട്ലറ്റുകളാണ് വട്ടം കറക്കിയത്. 

കഴക്കൂട്ടം സ്വദേശി മദ്യം വാങ്ങാൻ ഉദ്ദേശിച്ചത് കുളത്തൂർ ഔട്ട്ലറ്റിൽ നിന്ന്. പിൻകോഡ് അറിയാത്തതിനാൽ പോസ്റ്റൽ വകുപ്പിന്റെ വൈബ്സൈറ്റിൽ തിരഞ്ഞു. ആദ്യം കണ്ണിലുടക്കിയ കുളത്തൂർ പോസ്റ്റ് ഓഫിസിന്റെ പിൻകോഡ് നൽകി. കൺഫേർ‍ഡ് ബുക്കിങ് സന്ദേശം ലഭിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. നൽകിയ പിൻകോഡ് പൊഴിയൂരിനു സമീപത്തെ കുളത്തൂരിലേത്. ഒടുവിൽ ഒരു മണിക്കൂറോളം ബൈക്കോടിച്ച് പൂവാർ ഔട്ട്ലറ്റിൽ നിന്ന് ഐറ്റം സംഘടിപ്പിച്ചു.

ലോക് ഡൗൺ ആരംഭിച്ച മാർച്ച് 24 മുതലാണ് ബവ്റജസ് കോർപറേഷനും കൺസ്യൂമർഫെഡും ബാറുകളും പൂട്ടിയത്. 65 ദിവസങ്ങൾക്കു ശേഷം ഇവ തുറന്നപ്പോൾ അത് മദ്യപർ ശരിക്കും ആഘോഷമാക്കി. ബിയർ ഷോപ്പുകളും രാവിലെ മുതൽ സജീവമായിരുന്നു. ചിലയിടങ്ങളിൽ മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് മദ്യം ലഭിച്ചത്. ആപ്പിന്റെ കാര്യം അറിയാതെ ഔട്ട്ലറ്റുകളിലെത്തിയ ഒട്ടേറെ അതിഥി തൊഴിലാളികൾ വെറും കയ്യോടെ മടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com