ADVERTISEMENT

കോട്ടൂർ (തിരുവനന്തപുരം) ∙ ഈശ്വരൻ സോമനെ കെട്ടിപ്പിടിച്ചു പറഞ്ഞു: ഞാൻ പോകുന്നു. ആനവായിൽ കിട്ടിയ ശർക്കരയും തേങ്ങയും ചേർന്ന ആനയുരുളയിൽ തെല്ലും ശ്രദ്ധിക്കാതെ സോമൻ പറയാതെ പറഞ്ഞു: പോകരുത്. ഇതു രണ്ടു മനുഷ്യർ തമ്മിലുള്ള വിടപറയൽ വേദിയാണെന്നു കരുതരുത്. കോട്ടൂരിലെ വനം വകുപ്പിന്റെ ആന പുനരധിവാസ ക്യാംപിലായിരുന്നു വികാരനിർഭരമായ ഈ വിടപറയൽ. ഈശ്വരൻ എന്നാൽ ഡോ.ഇ.കെ.ഈശ്വരൻ. വനം വകുപ്പിലെ ചീഫ് വെറ്ററിനറി ഓഫിസർ. 31 ന് വിരമിക്കുന്നു. സോമനാകട്ടെ പുനരധിവാസ കേന്ദ്രത്തിലെ ഏറ്റവും പ്രായം ചെന്ന ആന. വയസ്സ് 78.

കോട്ടൂരിലെ കേന്ദ്രത്തിൽ സോമൻ മുതൽ ആറു മാസക്കാരി ശ്രീക്കുട്ടി വരെ 15 ആനകളുണ്ട്. പക്ഷേ ശ്രീക്കുട്ടിയെ കാണാൻ ആർക്കും അനുവാദമില്ല. തെന്മല വനം ഡിവിഷനിൽ നിന്നു 15 ദിവസം മാത്രം പ്രായമുള്ളപ്പോൾ കിട്ടിയതാണ് അവളെ. ഇപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗണിൽ! ‘രവീന്ദ്രന്റെ യാത്രകളി’ലെ ദിഗാരുവിലെ ആനകൾ എന്ന പോലെ കോട്ടൂരിലെ ആനകൾ എന്നു വേണമെങ്കിൽ ഈശ്വരന്റെ ആനകളെ വിശേഷിപ്പിക്കാം.

പോകാൻ നേരത്ത് ഈശ്വരൻ സോമന്റെ ചെവിയിൽ പറഞ്ഞു: ഞാൻ വീണ്ടും വരും. സോമൻ ചെവിയാട്ടി: വരണം. കോട്ടൂരിലെ 15 ആനകളും അതേറ്റു പിടിച്ചു: പോകരുത്. പക്ഷേ ഈശ്വരൻ കൈവീശി യാത്ര പറഞ്ഞു.

ആ വിടവാങ്ങൽ കണ്ടപ്പോൾ പണ്ട് തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലയെ വിറപ്പിച്ച ഒറ്റയാനായ കൊലകൊല്ലിയുടെ കാലം ഓർമ വന്നു. അന്നു കാഴ്ച കാണാൻ പോയപ്പോൾ പൊടിയക്കാല കാട്ടിൽ ഒരിടയിളക്കം. ഒരു കുട്ടിയാന കേറിവരുന്നെന്നു തോന്നി ഓടാൻ തയാറെടുക്കുമ്പോൾ കുട്ടിയാനയുടെ തുമ്പിക്കയ്യിൽ ചാനൽ മൈക്ക്. പിറകെ വായ്ത്താരി: ‘‘ഇവിടെ എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ഈശ്വരനേ അറിയൂ’’. ഈശ്വരനെന്നാൽ ഡോ ഈശ്വരൻ തന്നെ. ഈശ്വരന് എല്ലാമറിയാം. ഏറ്റവും ചുരുങ്ങിയതു കോട്ടൂരിലെ ആനകളെക്കുറിച്ചെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com