ചികിത്സാ കേന്ദ്രം നിർമാണം കഴിഞ്ഞു; പക്ഷേ, തുറക്കില്ല
Mail This Article
നെയ്യാറ്റിൻകര ∙ ലക്ഷങ്ങൾ മുടക്കി നഗരസഭ ഒരുക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരു മാസമായി അടഞ്ഞു കിടക്കുന്നു. രോഗികളില്ലാത്തതു കൊണ്ടല്ല രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അതേ സമയം ഇവിടെയുള്ള രോഗികളെ മറ്റ് സ്ഥലങ്ങളിലെ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കാണ് കൊണ്ട് പോകുന്നത്.
പിന്നെന്തിനു ധൃതിപിടിച്ച് ഇത്തരത്തിലൊരു സന്നാഹം ഒരുക്കിയതെന്ന് രോഗികളുടെ ബന്ധുക്കൾ ആരാഞ്ഞെങ്കിലും വ്യക്തമായ വിശദീകരണം നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് അവർ പരാതിപ്പെടുന്നു.സർക്കാരിന്റെ നിർദേശം ലഭിച്ച ഉടൻ നഗരസഭ നഗരത്തിലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിൽ നൂറോളം കിടക്കകളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
ഡോക്ടർമാരെയും ജീവനക്കാരെയും നിശ്ചയിച്ചു. അവർക്ക് തങ്ങാനും പിപിഇ കിറ്റ് ധരിക്കാനും താമസിക്കാനും വരെയുള്ള സൗകര്യം സമീപത്തെ ഗവ.ആയൂർവേദ ആശുപത്രിയിൽ ഒരുക്കി. ഇതിനായി 6–മുറികൾ തയാറാക്കി. കിടക്കൾ ഉൾപടെ എല്ലാമൊരുക്കി. പക്ഷെ രോഗികളെ എഫ്എൽടിസി യിൽ പ്രവേശിപ്പിക്കുന്നില്ല.
രോഗികളോട് അധികൃതർ കാട്ടുന്ന ഈ ക്രൂരത അവസാനിപ്പിച്ച് അടിയന്തരമായി രോഗികളെ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ട്രീറ്റ്മെന്റ് സെന്ററിൽ എത്തിക്കണമെന്ന് മുൻ എംഎൽഎ ആർ.സെൽരാജ് ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.