ADVERTISEMENT

തിരുവനന്തപുരം∙ ‘ഭാവങ്ങൾ മിന്നിമ‍റഞ്ഞിരുന്ന ആ മുഖം നിശ്ചലമായതു കണ്ടുനിൽക്കാൻ എനിക്കാവില്ലായിരുന്നു. മേയ് 22ന്, വേണുച്ചേട്ടന്റെ ജന്മദിനത്തിൽ  അദ്ദേഹത്തെ വിളിച്ച് ആശംസകൾ നേർന്നിരുന്നു. ഒരു പാടു നേരം അന്നു സംസാരിച്ചു.–നിറകണ്ണു‍കളോടെ നടൻ വിനീത് പറയുന്നു. മൃതദേഹം പൊതുദർശനത്തിനു വച്ച അയ്യങ്കാളി ഹാളിലേക്കു പ്രവേശിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. 35 വർഷത്തെ ബന്ധമാണ് എനിക്ക് വേണുച്ചേട്ടനു‍മായുള്ളത്. 

‘നഖക്ഷതങ്ങൾ’ക്കു ശേഷം അരവിന്ദന്റെ ‘ഒരിട‍ത്ത്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ഒരു പാട് ആകാം‍ക്ഷയും അതിലേറെ ആശങ്കയു‍മായാണ് ഷൂട്ടിങ് സ്ഥലത്തെത്തിയത്. വേണുച്ചേട്ടൻ, ഇന്ന‍സെന്റേട്ടൻ, ശ്രീനിയേട്ടൻ തുടങ്ങിയവരുൾപ്പെടെ വൻ താരനി‍രയായിരുന്നു ചിത്ര‍ത്തി‍ൽ. ഉത്രാളിക്കാ‍വിന് അടുത്താ‍യിരുന്നു ചിത്രീകരണം. ഒരു കുടുംബം പോലെയായിരുന്നു ആ ഷൂട്ടിങ് സെറ്റിലെ ജീവിതം. മകനോടുള്ള സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോടെന്നും .

ഒരിക്കൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ കുറെ കുട്ടികൾ ഓടിയെത്തി. വേണുച്ചേട്ടന്റെ ഓട്ടോഗ്രാഫാ‍യിരുന്നു അവർക്കു വേണ്ടിയിരുന്നത്.  ഗതാഗതക്കുരുക്കുണ്ടായി പ്രശ്നമുണ്ടാ‍കുമോയെന്നായിരുന്നു  ചേട്ടന്റെ പേടി. കാർ നിർത്തേണ്ടെന്നു ചേട്ടൻ പറഞ്ഞു. ഒപ്പിട്ടു കൊടുത്തു കൂ‍ടേ ചേട്ടാ.. എന്നായിരുന്നു എന്റെ ചോദ്യം. രണ്ടു കൊല്ലം കഴിഞ്ഞ് ഈ സാഹ‍ചര്യമുണ്ടാകുമ്പോൾ നീ എന്തു പറയുമെന്നു നമുക്കു കാണാം....’– അദ്ദേഹം പറഞ്ഞു. 

‘സർ‍വം താളമയം’ എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം ഒരുമിച്ച് അഭിനയിച്ചത്. മൃദംഗ‍വിദ്വാൻ ഉമയാ‍ൾപുരം ശിവരാ‍മന്റെ റോളാ‍യിരുന്നു വേണുച്ചേട്ടന്.  മണി അയ്യർ ആയിരുന്നു എന്റെ കഥാപാത്രം. ആരണ്യകം, ഋതുഭേദം, സർ‍ഗം,  പരിണയം, ഗസൽ, കാബുളി‍വാല, ബനാറസ് തുടങ്ങി 17 ചിത്രങ്ങളിൽ അദ്ദേഹ‍വുമൊത്ത് അഭിനയിച്ചു. ഞങ്ങൾക്ക് അഭിനയത്തിന്റെ പാഠപുസ്തകമായിരുന്നു ചേട്ടൻ. വരും‍തലമുറകൾക്ക് റഫറൻസ് ഗ്രന്ഥവും. – വിനീത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com