ADVERTISEMENT

പോത്തൻകോട് ∙  മുരുക്കുംപുഴ കടവിൽ നിന്നും കഠിനംകുളത്തേക്ക് കായലിനു കുറുകെ പാലം വേണമെന്ന അര നൂറ്റാണ്ടായി ഇരുകരകളിലെയും നാട്ടുകാരുടെ ആവശ്യം ഇതുവരെ യാഥാർഥ്യമായില്ല. പാലത്തോടൊപ്പം ദേശീയപാത -66 വുമായി ബന്ധിക്കുന്ന ഒരു കോറിഡോർ (ഇടനാഴി) കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചാൽ തീര പ്രദേശങ്ങളായ പുതുക്കുറിച്ചി, പുത്തൻതോപ്പ്, മര്യനാട്, പെരുമാതുറ, ചാന്നങ്കര, കഠിനംകുളം തുടങ്ങി സ്ഥലങ്ങളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനമാകുമെന്നും പൊതുപ്രവർത്തകനായ കെ.എൻ ജയപ്രസാദ് പറഞ്ഞു.

തീരദേശക്കാർക്കും മംഗലപുരം നിവാസികൾക്കും ഇരു കരകളിലുമെത്താൻ മുൻപ് സർക്കാർ കടത്തു വള്ളവും സ്വകാര്യ വള്ളങ്ങളും ഉണ്ടായിരുന്നു. വള്ളം ഊന്നാൻ സർക്കാർ തന്നെ ആളെ നിയമിച്ചിരുന്നു. കടത്തു നിലച്ചിട്ട് ഇപ്പോൾ 10 വർഷത്തോളമായി.  മറുകരയിൽ നിന്നും ആളില്ലാതായതോടെ മുരുക്കുംപുഴ കടവു വരെ ചെന്നിരുന്ന കെഎസ്ആർടിസി ബസ്  മംഗലപുരത്ത് യാത്ര അവസാനിപ്പിച്ചു. ഇതും പ്രദേശവാസികൾക്ക് യാത്രാദുരിതമായിട്ടുണ്ട്. ഏതാണ്ട് 47 വർഷം മുൻപ് പാലം നിർമിക്കാൻ ഭരണാനുമതി ലഭിച്ചിരുന്നതായി പ്രദേശത്തെ വയോധികർ പറയുന്നുണ്ട്.

മാറി മാറി മന്ത്രിസഭകൾ വന്നിട്ടും ഒന്നും നടന്നില്ല. 2004-2006 ൽ ഉമ്മൻചാണ്ടി മുഖ്യമന്തിയും എം.കെ മുനീർ പൊതുമാരാമത്തു മന്ത്രിയുമായിരുന്നപ്പോൾ കഠിനംകുളം മേൽപ്പാലത്തിനായി 5 ലക്ഷം അനുവദിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പാലം വന്നാൽ തീരദേശവാസികൾക്ക് ദേശീയ പാതയിലും സംസ്ഥാനപാതയിലും പെട്ടെന്ന് എത്തിച്ചേരാനാകും. കടത്തും നിലച്ചതോടെ കണിയാപുരം വഴി കിലോമീറ്ററുകൾ ചുറ്റിയാണ് പ്രധാന പാതകളിലെത്തുന്നത്.

കഠിനംകുളം കായൽ പൈതൃക ടൂറിസം യാഥാർഥ്യമാകുമ്പോൾ പാലത്തിനും പ്രസക്തിയേറും. പ്രതീക്ഷയിലാണ് ഇപ്പോഴും ജനങ്ങൾ. കഠിനംകുളം കായലിനു കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ച് നവകേരള സദസിൽ മംഗലപുരം പഞ്ചായത്ത് തന്നെ നിവേദനം നൽകിയതായും പദ്ധതി യാഥാർഥ്യമായാൽ പ്രദേശത്തിന്റെ വികസനത്തിന് അത് മുതൽക്കൂട്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com