ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇവർക്കു പിന്തുണയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കൂടി ചേർന്നതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം രൂക്ഷമായി.

trivandrum-msf-sectraryet-march
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥൻ മരിച്ചത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.

എംഎസ്എഫിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം നടക്കുമ്പോഴാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവർക്കു നേരെ  തിരിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, ജെബി മേത്തർ എംപി, അലോഷ്യസ് സേവ്യർ എന്നിവരുടെ സമരപ്പന്തലിൽ ഉണ്ടായിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഇവർക്ക് പിന്തുണയുമായി എത്തി.

trivandrum-nemam-rasheed
സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെയും പ്രവർത്തകരെയും പെ‍ാലീസ് ലാത്തികെ‍ാണ്ട് അടിക്കുന്നു.

സംഘർഷം കനത്തതോടെ പൊലീസ് ലാത്തി വീശി. ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു. കൊടി കെട്ടിയിരുന്ന കമ്പുകൾ ഉപയോഗിച്ച് പ്രവർത്തകർ പൊലീസിനെ നേരിട്ടു. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും രണ്ടു സ്ഥലത്തായിട്ടുള്ള പ്രതിഷേധം നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു. എംഎസ്എഫ് പ്രതിഷേധത്തിനു വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സംഘർഷം കടുത്തതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പ്രതിപക്ഷ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ മഹിളാ കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ലക്ഷ്മി അധ്യക്ഷത വഹിച്ചു. വി.കെ.മിനിമോൾ. യു.വാഹിദ്, എൽ.അനിത, ജയ ദത്തൻ, പ്രേമ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ സുബിത, സി.എസ്.അരുൺ, മനോജ് മോഹൻ, സജിത്ത് മുട്ടപ്പാലം, സജ്ന, ജില്ലാ ഉപാധ്യക്ഷൻ സുൽഫി ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ ഉച്ചയ്ക്കു പാളയത്തു നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോൾ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എംഎസ്എഫ് പ്രവർത്തകർക്കു പരുക്കേറ്റു. 

ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ടി.വി. ഇബ്രാഹിം എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജനറൽ സെക്രട്ടറി സി.കെ.നജാഫ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

എബിവിപി ലോങ് മാർച്ച് ഇന്ന്
ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും, സിദ്ധാർഥന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തിൽ ഇന്ന് 9 ന് നെടുമങ്ങാട്ടെ സിദ്ധാർഥന്റെ വസതിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച് നടത്തും. വൈകിട്ട് 7 ന് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ച് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com