കടയിലെത്തി 101 വയസ്സുകാരന്റെ മാല കവർന്നു
Mail This Article
ബാലരാമപുരം∙ വീടിനോട് ചേർന്ന് നടത്തുന്ന മുറുക്കാൻ കടയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് 5 വർഷം മുൻപ് 96–ാം വയസ്സിൽ വാങ്ങിയ 2.5 പവൻ സ്വർണമാലയുടെ പകുതി ഭാഗം ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ രാവിലെ 5 മണിയോടെ ബാലരാമപുരം റസൽപുരം ചാനൽപാലത്തിന് സമീപം നാച്ചിവിളാകം റോഡരികത്ത് പുത്തൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ(101) മാലയാണ് കവർന്നത്.
ബൈക്കിലെത്തി സിഗററ്റ് വാങ്ങുകയും തീപ്പെട്ടി എടുക്കുന്നതിനിടെ കൃഷ്ണൻകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയുമായിരുന്നു. ഇതിനിടെ കൃഷ്ണൻകുട്ടി മാലയിൽ പിടിച്ച് നിലവിളിച്ചതോടെ തൊട്ടടുത്ത വീട്ടിൽ നിന്ന് ആളുകൾ ഓടിയെത്തി. ഇതോടെ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ ഒന്നേകാൽ പവൻ മാലയുമായി രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം ഉപയോഗിച്ച് വാങ്ങിയ മാലയാണ് നഷ്ടപ്പെട്ടത്.