ADVERTISEMENT

പാങ്ങോട് ∙ ‘വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് തലയിൽ വെട്ടി. നിലത്തു വീണപ്പോൾ ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് രണ്ടു കാൽമുട്ടുകളും അടിച്ചു തകർത്തു. ’– വനത്തിനുള്ളിൽ വച്ച് ഭർത്താവ് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ച് പാങ്ങോട് മൈലമൂട് വേലൻമുക്ക് തടത്തരികത്ത് വീട്ടിൽ ഷൈനി(36) പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നതിങ്ങനെ.  

വ്യാഴം രാവിലെ 11ന് പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ പാങ്ങോട്  അടപ്പുപാറ കരിമൺകോട്  – കൊച്ചടപ്പുപാറ റൂട്ടിൽ വനമേഖലയിൽ വച്ചാണ് ഷൈനിയെ, ഭർത്താവ് പാലോട് പെരിങ്ങമ്മല പുള്ളിപ്പച്ചയിൽ സോജി (42) ആക്രമിച്ചത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഷൈനിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.  സോജിയെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിന് കൈമാറുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഷൈനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

വർഷങ്ങളായി അകന്നു ദമ്പതികൾ അടുത്തകാലത്താണ് വീണ്ടും അടുത്തത്. ഷൈനിയുടെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും വായ്പ സംഘടിപ്പിച്ച് പണം സ്വരൂപിച്ച ശേഷം സോജി ആറ്റിങ്ങൽ മണനാക്കിനു സമീപം റബർ എസ്റ്റേറ്റിൽ ടാപ്പിങ് ജോലിക്കു പോയി. വീണ്ടും ഇരുവർക്കുമിടയിൽ തർക്കമുണ്ടായതിനെ തുടർന്ന് സോജി ഷൈനിയെ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാം എന്നറിയിച്ചു. വ്യാഴം രാവിലെ പാലോട് ജം‌ക്‌ഷനിലെത്താനും ആവശ്യപ്പെട്ടു.

പാലോട് ജംക്‌ഷനിലെത്തിയ ഷൈനിയെ സോജി സ്കൂട്ടറിൽ കയറ്റി കൊച്ചടപ്പുപാറ റൂട്ടിൽ വനത്തിനുള്ളിലേക്ക് പോയി. വഴിയിൽ സ്കൂട്ടർ നിർത്തി ഇരുവരും സംസാരിക്കുന്നതിനിടെ വാക്കു തർക്കം ഉണ്ടാകുകയും സോജി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയുടെ പിൻഭാഗം ഉപയോഗിച്ചു ഷൈനിയുടെ തലയിൽ വെട്ടുകയായിരുന്നു .  തുടർന്ന് രണ്ട് കാൽമുട്ടുകളും ചുറ്റിക കൊണ്ട്  തകർത്തു. രക്തത്തിൽ കുളിച്ചു കിടന്ന ഷൈനിയെ  കൊച്ചടപ്പുപാറ ഭാഗത്തു നിന്നും നടന്നു വന്ന സ്ത്രീയാണ് ആദ്യം കണ്ടത്. ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. 

കാലുകൾ കല്ലുകൾ കൊണ്ട് ഇടിച്ചു തകർത്തുവെന്നാണ് ആദ്യം സോജി പൊലീസിനോട് പറഞ്ഞത്. ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ , ചുറ്റിക ഉപയോഗിച്ചാണ് കാലുകൾ  അടിച്ചു തകർത്തതെന്നും പിന്നീട് ചുറ്റിക കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടന്ന തിരച്ചിലിൽ പൊലീസ് ചുറ്റിക കണ്ടെടുത്തു.  മാതാവും മൂന്നു മക്കളും അടങ്ങുന്നതാണ് ഷൈനിയുടെ കുടുംബം. പ്രമേഹ രോഗത്തെ തുടർന്ന് ഷൈനിയുടെ മാതാവ് ഗിരിജയുടെ കാൽ മുറിച്ചു മാറ്റിയിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധുവിന്റെ പുരയിടത്തിലെ ഷെഡിൽ ആണ് ഇവർ താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com