ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന ‘സക്‌ഷൻ കം ജെറ്റിങ് മെഷീൻ’, വെള്ളമൊഴുക്കിനു തടസ്സമായ മാലിന്യങ്ങൾ നീക്കുന്ന ‘സ്ലിറ്റ് പുഷർ’, ‘സ്ലോട്ട് ടാപ്പർ’ എന്നീ യന്ത്രങ്ങൾ തിരുവനന്തപുരത്തേക്കും എത്തുന്നു. മന്ത്രി എം.ബി.രാജേഷിന്റെ നിർദേശാനുസരണം ഇതു സംബന്ധിച്ച് കോർപറേഷൻ നടപടികൾ ആരംഭിച്ചു. വെള്ളക്കെട്ട് രൂക്ഷമായിരുന്ന കൊച്ചിയിൽ ‘സക്‌ഷൻ കം ജെറ്റർ’ പരീക്ഷിച്ചു വിജയിച്ചിരുന്നു. തിരുവനന്തപുരത്ത് ഇതു വാങ്ങാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.  ജൂൺ അവസാനമോ ജൂലൈ ആദ്യമോ യന്ത്രം എത്തും. സ്ലാബുകൾ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്തു നീക്കാനാകും. യന്ത്രം വരും വരെ നെടുമ്പാശേരി വിമാനത്താവളത്തിലെ പകരം സംവിധാനം ഉപയോഗിക്കാനും മന്ത്രി എം.ബി.രാജേഷും സിയാൽ എംഡിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി.

മേയറുടെ നേതൃത്വത്തിൽ തുടർ ചർച്ചകളും പൂർത്തിയാക്കി.  ഓടകളിലും തോടുകളിലും ആറുകളിലും ഒഴുക്കിനു തടസ്സമായ മാലിന്യവും മണ്ണും ചെളിയും നീക്കാനുള്ള രണ്ട് സ്ലിറ്റ് പുഷർ, സ്ലോട്ട് ട്രാപ്പർ എന്നീ യന്ത്രങ്ങളും ഉടൻ എത്തിക്കും. ആമയിഴഞ്ചാൻ തോട്, കരിയിൽ തോട്, പട്ടം തോട്, കരമനയാർ, തെറ്റിയാർ എന്നിവിടങ്ങളിൽ അടിയുന്ന മണ്ണും ചെളിയും മാലിന്യവും മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിന് ഇവ ഉപയോഗിക്കാമെന്നാണു പ്രതീക്ഷ. മണ്ണും ചെളിയും മാലിന്യവും തള്ളിമാറ്റി രണ്ട് കരകളിലും ശേഖരിക്കുന്ന പ്രവർത്തനമാണ് സ്ലിറ്റ് പുഷർ നിർവഹിക്കുക. ഇതു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരി മാറ്റണം. മാലിന്യവും കുളവാഴ ഉൾപ്പെടെയുള്ളവയും ജലനിരപ്പിൽനിന്ന് വലിച്ചെടുത്ത് നീക്കാനാവുന്ന സംവിധാനമാണ് സ്ലോട്ട് ട്രാപ്പർ. 

യന്ത്രം വാങ്ങുന്നത്  സ്മാർട് സിറ്റി  പദ്ധതിയിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം കോർപറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘സക്‌ഷൻൻ കം ജെറ്റിങ്’ മെഷീൻ വാങ്ങുന്നത്. നിലവിൽ പദ്ധതി ടെൻഡർ ഘട്ടത്തിലാണ്. 11,000 ലീറ്റർ ശേഷിയുള്ള യന്ത്രവാഹനത്തിന് 5 കോടിയോളം രൂപയാണ് വില. 30 മീറ്ററോളം നീളത്തിലുള്ള ഹോസ് ഉപയോഗിച്ച് ഓടകൾക്ക് ഉള്ളിലേക്ക് ഉന്നത മർദത്തിൽ വെള്ളം അടിച്ചു വൃത്തിയാക്കുന്ന ജെറ്റിങ് സംവിധാനമാണ് വാഹനത്തിലെ ഒരു ഘടകം. മണ്ണ്,ചെളി ഉൾപ്പെടെയുള്ളവ ഓടയിലിറങ്ങാതെയും സ്ലാബുകൾ നീക്കാതെയും ഇങ്ങനെ എളുപ്പത്തിൽ നീക്കാനാകും. ഇതിനായി 2000 ലീറ്റർ ജലം വാഹനത്തിൽ ശേഖരിക്കാനാവും. 

ഓടയിൽ മാലിന്യവും അവശിഷ്ടങ്ങളുമുണ്ടെങ്കിൽ ഉന്നത മർദമുപയോഗിച്ച് വലിച്ചെടുക്കുന്ന സക്‌ഷൻ സംവിധാനമാണ് മറ്റൊരു ഘടകം. സക്‌ഷൻ ഹോസിന് 12 മീറ്ററാണ് നീളം. 9000 ലീറ്റർ വരെ മാലിന്യം ഇങ്ങനെ ശേഖരിച്ച് വാഹനത്തിൽ സൂക്ഷിക്കാം. ആവശ്യമെങ്കിൽ അതാത് സമയത്ത് മറ്റൊരു ലോറിയിലേക്ക് ഈ മാലിന്യം മാറ്റാനും കഴിയും.  കഴിഞ്ഞ വർഷം ജൂൺ 5 മുതൽ എംജി റോഡ് ഉൾപ്പെടെയുള്ള കൊച്ചിയിലെ പ്രധാന റോഡുകളുടെ സമീപത്തുള്ള ഓടകളിലെല്ലാം ഈ മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡാണ് ഈ യന്ത്രം വാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com