ADVERTISEMENT

തിരുവനന്തപുരം ∙ മദ്യനയവുമായി ബന്ധപ്പെട്ടുണ്ടായ ബാർ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ വസതിയിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. മദ്യനയത്തിൽ യോഗം വിളിക്കാൻ ടൂറിസം വകുപ്പിനു മൗനസമ്മതം നൽകിയ മന്ത്രി മറുപടി പറയണമെന്നും സ്കൂളിനു പകരം ബാറുകൾ തുറന്ന് ബാർ സൗഹൃദ കേരളം ലക്ഷ്യം വയ്ക്കുന്ന മന്ത്രിമാർ  രാജിവയ്ക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

 എം.ബി.രാജേഷിന്റെ വസതിയിലേക്കുള്ള വഴിയിൽ ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാരും പൊലീസും തമ്മിൽ ചെറിയ ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് നോട്ടെണ്ണൽ യന്ത്രം റോഡിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ച് മടങ്ങി.   യന്ത്രം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. 

സംസ്ഥാന ഭാരവാഹികളായ സുബിജ, നീതു വിജയൻ, സി.എസ്.അരുൺ, ഫൈസൽ, ഫെബിൻ, രാഹുൽ അരുവിക്കര, സജിത്ത് മുട്ടപ്പാലം, അഫ്സൽ ബാലരാമപുരം, ഋഷി കൃഷ്ണൻ, എസ്.കെ.അഭിജിത്ത്, ജില്ലാ ഭാരവാഹികളായ ഷജിൻ രാജേന്ദ്രൻ, സെയ്താലി കൈപ്പാടി, ബാഹുൽ കൃഷ്ണ, ഹരികൃഷ്ണൻ, അച്ചു അജയ്ഘോഷ്, രേഷ്മ, സുജിത്ത് കോവളം തുടങ്ങിയവർ പ്രസംഗിച്ചു.

എക്സൈസ് വകുപ്പിനെ ടൂറിസം  ഹൈജാക്ക് ചെയ്തു: സതീശൻ
തിരുവനന്തപുരം∙ മദ്യനയച്ചർച്ച നിഷേധിച്ചു ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവനയിറക്കിയതു മന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും മന്ത്രിമാരുടെ ന്യായീകരണം പൊളിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെക്കൊണ്ടു നുണ പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ചകളിൽ ടൂറിസം വകുപ്പ് അനധികൃതമായി ഇടപെട്ടു എക്‌സൈസിനെ  ‘ഹൈജാക്ക് ’ ചെയ്തു.  ടൂറിസം വകുപ്പ് തീരുമാനം എടുത്ത് പണം ആവശ്യപ്പെടുമ്പോൾ എക്‌സൈസ് നോക്കുകുത്തിയായെന്നും സതീശൻ ആരോപിച്ചു.

സിബിഐ അന്വേഷിക്കണം: സുധീരൻ
തിരുവനന്തപുരം∙ ബാർ കോഴ ആരോപണത്തിൽ  ജുഡീഷ്യൽ ,സിബിഐ അന്വേഷണം വേണമെന്നു കോൺഗ്രസ് നേതാവ് വി.എം.സുധീരൻ.  ഐടി മേഖലയിൽ മദ്യശാലകൾക്കു  നീക്കം ആരംഭിച്ചപ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു.  'ഡ്രൈ ഡേ' പിൻവലിക്കുന്നതിന്റെ  തയാറെടുപ്പിനു ചീഫ് സെക്രട്ടറി തലത്തിലും ടൂറിസം വകുപ്പ് മേധാവിയുടെ തലത്തിലും യോഗങ്ങൾ നടന്നു. ഇതിന്റെ തുടർച്ചയായാണു ബാറുടമകൾ  യോഗം ചേർന്നതും കോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തു വന്നതും. സുധീരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com