ADVERTISEMENT

വിതുര∙ ഭിക്ഷാടനത്തിന്റെ മറവിൽ വീടുകളിൽ മോഷണം നടത്താൻ പദ്ധതിയിടുകയും പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. ആന്ധ്ര പ്രദേശിലെ അനന്തപുരി ജില്ലയിലെ കാദിരി യാദവല്ലി സ്വദേശികളായ ഈശ്വരപ്പയും സുഹൃത്ത് രേവണ്ണയുമാണ് അറസ്റ്റിലായത്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് സ്വദേശികളുടെ ഏഴ് മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ഈശ്വരപ്പയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമീപമുള്ള ആനപ്പെട്ടി മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രേവണ്ണയെയും നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. 

തുടർന്നുള്ള ചോദ്യംചെയ്യലിൽ ഈശ്വരപ്പയും രേവണ്ണയും ഒന്നിച്ചു സ്ഥലത്തെത്തിയതാണെന്നും മോഷണത്തിനു പദ്ധതിയിട്ടിരുന്നതായും പൊലീസിനോടു സമ്മതിച്ചു. ഇരുത്തലമൂല ജംക്‌ഷനിൽ ബസ് ഇറങ്ങിയ ഇവർ രണ്ടു വഴിക്ക് പിരിയുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തോട്ടുമുക്കിലെ സംഭവം അറിഞ്ഞപ്പോൾ ഇവർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെയാളെ കണ്ടെത്താനായത്. കുഞ്ഞിന്റെ കയ്യിലെ സ്വർണ വളയായിരിക്കാം മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ജാഗ്രത പാലിക്കണം; ഇൻസ്പെക്ടർ
വിതുര∙ ഭിക്ഷാടനത്തിന്റെ മറവിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിതുര സബ് ഇൻസ്പെക്ടർ എസ്.ടി. ബിജു അറിയിച്ചു. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തും. സംശയകരമായി ആരെയെങ്കിലും വീടിന്റെ പരിസരത്തു കണ്ടാൽ അപ്പോൾ തന്നെ പൊലീസിൽ വിവരം അറിയിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com